ഈ ഐ എ എസ് കാരെ കൊണ്ടു തോറ്റു

At Malayalam
3 Min Read

ഐ എ എസ് കാരുടെ പോര് അത്ര പുതിയ കാര്യമൊന്നുമല്ലന്നേ ! ‘ബ്രോ’ പ്രശാന്ത് തന്നെ ഇത് എത്രാമത്തെ തവണയാ ബാധ കേറി തുള്ളുന്നത്. കോഴിക്കോട് ചെന്ന് ‘കളക്ടർ ബ്രോ’ ചമഞ്ഞ കഥകൾ അവിടെ ചെന്ന് അന്വേഷിച്ചാൽ നാട്ടുകാർ ഇപ്പോഴും പറഞ്ഞു തരും. പോരാത്തതിന് കാറു വാങ്ങി ഓടിച്ചതിൻ്റെ കഥകളും ഇന്ന് വെളിയിൽ വന്നു. ഇപ്പൊ സി പി എം നേതാവ് മേഴ്സിക്കുട്ടിയമ്മയെ ‘ഹൂ ഈസ് ദാറ്റ് ‘ എന്ന് പഴയ ബ്രോ ആക്ഷേപിക്കുമ്പോൾ സാദാ കോൺഗ്രസുകാർക്ക് ചെലപ്പോ മേലാകെ കുളിരു കോരുമായിരിക്കും , പക്ഷേ ‘ബ്രോക്കാലത്തും’ ഇന്നും കോഴിക്കോട്ടെ എം പി യായ എം കെ രാഘവന് അതത്ര സുഖിക്കാൻ തരമില്ല. രാഘവേട്ടൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകളിച്ച ബ്രോയെ രാഘവേട്ടൻ ഒന്നു തടഞ്ഞതാ. പിന്നെ കളി ഏതാണ്ട് കിംഗ് സിനിമേലെ ജോസഫ് അലക്സും കൊല്ലം തുളസീടെ എം എൽ എയും പോലെയായി.

കളി കാര്യമായപ്പോൾ രാഘവേട്ടൻ പരാതിയുമായി അന്നത്തെ മുഖ്യൻ ഉമ്മൻ ചാണ്ടിയെ കണ്ടു. ബ്രോയെ പോലെ ‘നിയമ പണ്ഡിത’നാണ് രാഘവേട്ടനെങ്കിലും മുഖ്യമന്ത്രിയെ ശരണം പ്രാപിച്ചു രാഘവേട്ടൻ. എന്തിനും ഏതിനും പരിഹാരം കാണുന്ന ഉമ്മൻ ചാണ്ടിയും ഈ കളിയിൽ ഒന്നു പതറി. ബ്രോ മാപ്പു പറയണം എന്നായി രാഘവേട്ടൻ. അന്നും ബ്രോയുടെ എഫ് ബി പേജ് ആളെ കൂട്ടുന്ന സ്ഥലമാ. പുള്ളീടെ ഗോദ അന്നും ഇന്നും ഫെയ്സ് ബുക്ക് തന്നെയാണ്. മാപ്പിന് മാപ്പു തന്നെ വന്നു. തൃശൂർ ജില്ലയിലെ കുന്നംകുളത്തിൻ്റെ മാപെടുത്ത് എഫ് ബിയിൽ ചാർത്തി ബ്രോ, രാഘവേട്ടനെ പറത്തി വിട്ടു. അതുകൊണ്ട് ആരു മറന്നാലും രാഘവേട്ടൻ അതു മറക്കില്ല. ഈ ‘ആളുകളി’ ഇനിയും എത്ര കാലം ബ്രോ തുടരുമെന്നറിയില്ല.

ഗോപാലകൃഷ്ണൻ സാറിൻ്റെ കാര്യമാണ് ഇതിലും കഷ്ടം. ഉണ്ടിരുന്ന നായർക്ക് ഉൾവിളി ഉണ്ടായി എന്നു പറഞ്ഞതുപോലെയാണ് വാട്സ് ആപിൽ ഗ്രൂപ്പുണ്ടാക്കി കളിച്ചത്. ഹിന്ദുക്കളായ ഐ എ എസ് കാർക്ക് ഒരു ഗ്രൂപ്പുണ്ടായാൽ എന്താ കയ്ക്കോ? പുള്ളിയും തുടങ്ങി ഒരെണ്ണം. പക്ഷേ ഇപ്പൊ അറിയുന്നത്, ആദ്യം ഗ്രൂപ്പിൽ അംഗമാക്കിയത് ‘എ’ എന്ന ആദ്യാക്ഷരത്തിൽ തുടങ്ങുന്ന ഒരു വനിത ഐ എ എസ് ഉദ്യോഗസ്ഥയെ ആണത്രേ. അവരാകട്ടെ തികഞ്ഞ ഇസ്‌ലാം മത വിശ്വാസിയും. പോരേ പൂരം. കാര്യങ്ങൾ കൈവിട്ടു പോകാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. പിന്നെ, മുസ്‌ലിം ഗ്രൂപ്പായി, ക്രിസ്ത്യൻ ഗ്രൂപ്പായി, ഫോൺ ഹാക്കായി, ഫോർമാറ്റു ചെയ്യലായി. ഇനി സാറിനുള്ള നടപടി എന്താണെന്ന് മാത്രം അറിഞ്ഞാൽ മതി. തിരുവനന്തപുരം കളക്ടറായിരുന്ന സമയത്ത് അന്നത്തെ ചുമതലയുള്ള മന്ത്രിയുമായി ഇടഞ്ഞ് മലപ്പുറത്തേക്ക് തെറിച്ച ഗോപാൽജി അവിടെയും നല്ല നിലയിലല്ല പിരിഞ്ഞത് എന്നതും ഈ അവസരത്തിൽ ഓർക്കാം.

തിരുവനന്തപുരത്തെ ഒരു കളക്ടർ ‘കുഴിനഖ’ വേദനയിൽ പുളഞ്ഞു പോയത് സമീപകാലത്താണ്. മറ്റൊരാൾ വഴിയേ പോയ മാധ്യമപ്രവർത്തകൻ്റെ നെഞ്ചാമൂടിക്ക് വണ്ടി കയറ്റി കൊന്നിട്ട് ‘ഗേൾ ഫ്രണ്ടു’മായി ഡ്യുവറ്റും പാടിപ്പോയിട്ടും അധികനാളായിട്ടില്ല. സെക്രട്ടേറിയറ്റിൽ ഒരു ഐ എ എസ് ആപ്പീസർ കീഴ് ജീവനക്കാരനോട് തൻ്റെ എച്ചിലെടുക്കാൻ കല്പിച്ചതും ഇത്തരുണത്തിൽ ഓർക്കണ്ടേ. ഇനിയും ഇതൊക്കെ പറയാൻ നിന്നാൽ സ്ഥലം പോരാതെ വരും. ഭാരിച്ച ശമ്പളം, മികച്ച സൗകര്യങ്ങൾ, അനുസരിക്കാൻ ഉദ്യോഗസ്ഥ വൃന്ദം, പുകഴ്ത്താൻ കുറേ മാധ്യമങ്ങൾ (സുന്ദരികളായ വനിതകളാണങ്കിൽ പുകഴ്ത്തലിൻ്റെ ഗ്രാവിറ്റി പിന്നെയും കൂടും). ആനന്ദ ലബ്ധിക്കിനി എന്തു വേണം എന്ന മട്ട്. പൊന്നു സാറൻമാരെ, ഞങ്ങൾ കുറേ സാധാരണക്കാരായ സാധുക്കൾ, ഐ എ എസിൻ്റെ കനത്ത ഭാരം ഇല്ലാത്ത പാവങ്ങൾ കൂടി ഈ നാട്ടിലുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്നവർ. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്. കൂട്ടത്തിൽ വിരലിൽ എണ്ണിപ്പെറുക്കാവുന്ന നല്ല ഐ എ എസ് ഉദ്യോഗസ്ഥർക്ക് വിനീത നമസ്‌ക്കാരവും പറയട്ടെ.

- Advertisement -
Share This Article
Leave a comment