മുഖ്യമന്ത്രിയെ പുകഴ്ത്തി മുതിർന്ന നടി ഷീല. പിണറായി വിജയനെ പോലെ സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിൻ്റെ ഭാഗ്യമാണെന്നും വൈരം പതിച്ച ഒരു തങ്ക കിരീടമാണ് കേരളം മുഖ്യമന്ത്രിക്കു നൽകിയതെങ്കിലും അതൊരു മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു നന്നായി അറിയാമെന്നും തിരുവനന്തപുരത്ത് അവർ പറഞ്ഞു. ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടന പരിപാടിയിൽ മുഖ്യ പ്രസംഗം നടത്തവേയാണ് ഷീല ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വൻ വിമർശനമാണ് ഉയർന്നത്, എന്നാൽ ഒരു മുഖ്യമന്ത്രി പുലർത്തേണ്ടുന്ന തികഞ്ഞ പക്വതയോടെ അദ്ദേഹം ഒരു പടയാളിയെപ്പോലെ അതിനെ നേരിട്ടതായും ഷീല കൂട്ടിച്ചേർത്തു.
പരിപാടിയിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. സായിദ് അക്താർ മീർസ, ആധുനിക സാങ്കേതിക തികവോടെ റീസ്റ്റോറിംഗ് സാധ്യമാക്കിയ ശിവേന്ദ്രസിംഗ്, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, സിനിമാ ചരിത്രകാരൻ എസ് തിയോഡാർ ഭാസ്ക്കരൻ, മുതിർന്ന ചലച്ചിത്ര നടി ജലജ എന്നിവരെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി ഡോ: വി വേണു എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നവംബർ 14 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ശില്പശാലയിൽ ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം വിദഗ്ധർ പങ്കെടുത്ത് ക്ലാസുകൾ നയിക്കും. ശ്രീ തിയറ്ററിൽ റിസ്റ്റോർ ചെയ്ത ലോക സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്യും.