എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണ കലവറയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യം തന്നെയാണ് ഇത്തവണയും ഹൈലൈറ്റ്. വിഭവങ്ങളാൽ സമൃദ്ധമായ ഭക്ഷണമാണ് പഴയിടം കായിക താരങ്ങൾക്കായി ഒരുക്കുന്നത്. സാധാരണ ചോറും അനുബന്ധ കറികൾക്കും പുറമേ ചപ്പാത്തി, ചിക്കൻ, ബീഫ്, മുട്ട, പാൽ എന്നിങ്ങനെ വ്യത്യസ്തമാർന്ന വിഭവങ്ങളാണ് ഒരുക്കുന്നത്.
ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിയ്ക്കാവുന്ന സൗകര്യമുള്ള പതിനായിരം ചതുരശ്ര അടി വിസ്തീർണമുണ്ട് പന്തലിന് . 17 കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 12 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് അധ്യാപക സംഘടനയായ കെ എസ് റ്റി എ ആണ് . ഇതിനായി സംഘടനയുടെ സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശികമായുള്ള സന്നദ്ധ പ്രവർത്തകരും ഭക്ഷണ വിതരണത്തിൽ സഹായിക്കുന്നുണ്ട്.