സംസ്ഥാനത്ത് പരക്കെ മഴ, കനത്ത നാശം

At Malayalam
1 Min Read

സംസ്ഥാനത്ത് ഇന്ന് പെയ്ത കനത്ത മഴയിൽ വൻ നാശം. ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ജീവൻ നഷ്ടമായി. കോഴിക്കോട് ജില്ലയിൽ വൻ മരം കാറ്റത്ത് കട പുഴകി വീണ് വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്നതായും റിപ്പോർട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് വീടുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ നിലവിൽ കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. 48 മണിക്കൂർ കൂടി സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സ്ത്രീ ഇടി മിന്നലേറ്റ് മരിച്ചത്. വിത്തുൽപ്പാദന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന 59 കാരി ശ്യാമളയാണ് മിന്നലേറ്റ് മരിച്ചത്. എറണാകുളം തൃക്കാക്കരയിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും കടകളും വീടുകളും തകരുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഴയിൽ വെള്ളം കയറി ജനജീവിതം ദുസഹമായിരിക്കുകയാണ്. ചിലയിടങ്ങളിൽ വീടുകൾ തകർന്നു വീണ് ആളുകൾക്ക് പരിക്കു പറ്റിയിട്ടുണ്ട്. തെങ്ങ്, വാഴ തുടങ്ങിയ കൃഷികളെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഷ്ടങ്ങൾ കൃഷി വകുപ്പും റവന്യൂ വകുപ്പും എത്തി വിലയിരുത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

Share This Article
Leave a comment