മുൻ കണ്ണൂർ എ ഡി എം നവീൻ ബാബു കോഴ വാങ്ങി എന്ന ആരോപണത്തിൽ യാതൊരു തെളിവുമില്ലെന്ന് ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മിഷണറുടെ റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി. മന്ത്രി കെ രാജനാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. വിവാദമായ യാത്ര അയപ്പു യോഗ ശേഷം എ ഡി എം ആയിരുന്ന നവീൻ ബാബു തന്നെ ചേമ്പറിൽ വന്നുകണ്ടതായി കളക്ടർ മൊഴിനൽകിയതായി റിപ്പോർട്ടിലുണ്ട്. തനിക്കു തെറ്റുപറ്റി എന്ന് നവീൻ പറഞ്ഞതായും കളക്ടർ മൊഴി നൽകി. എന്നാൽ എന്തു തെറ്റാണ് സംഭവിച്ചതെന്ന് താൻ ചോദിച്ചപ്പോൾ നവീൻ ബാബു മറുപടി പറഞ്ഞില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്.
എ ഡി എം ന് നൽകിയ യാത്ര അയപ്പു യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്തു പ്രസിഡൻ്റായിരുന്ന പി പി ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്നും ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ളതു തന്നെയാണ് റിപ്പോർട്ട് എന്നാണ് വിവരം.