യുഎസ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും മൂലം രൂപ വലിയ തകർച്ചയിലേയ്ക്ക്. റെക്കോർഡ് തകർച്ചയാണ് ഡോളറിനെതിരെ രൂപ രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ യഥാസമയമുള്ള ഇടപെടൽ കൂടുതൽ തകർച്ചയിൽനിന്ന് രൂപയെ രക്ഷിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 84.09 ലെത്തി. അതായത് ഒരു ഡോളർ ലഭിക്കാൻ 84.09 രൂപ നൽകേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. മറ്റ് ഏഷ്യൻ കറൻസികളിൽനിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തിൽ ഒരു മാസത്തിനിടെ ഉണ്ടായ ചാഞ്ചാട്ടം ഒരു ശതമാനത്തിൽ താഴെയാണ്.രണ്ടാഴ്ചക്കിടെ മിക്കവാറും ദിവസങ്ങളിൽ വിപണിയിൽ ഡോളർ വിറ്റഴിച്ചു. രാജ്യത്തെ വിപണി ഉയർന്ന മൂല്യത്തിൽ തുടരുന്നതും ഉത്തേജന നടപടികളെ തുടർന്നുള്ള കുതിപ്പിൽ ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതും തിരിച്ചടിയായി. വിദേശ നിക്ഷേപകർ ഒക്ടോബറിൽ മാത്രം 85,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
ട്രംപ് അധികാരത്തിലെത്തിയാൽ ഡോളർ സൂചിക കുതിക്കാനിടയാകും. അതോടെ യുഎസ് ട്രഷറി ആദായത്തിൽ വർധനവുണ്ടാകുകയും ഏഷ്യൻ കറൻസികൾ ദുർബലമാകുകയും ചെയ്യും.