കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ പുതുതായി പറഞ്ഞ കാര്യങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്ന് ആത്മഹത്യ ചെയ്ത മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ ഭാര്യയും തഹസിൽദാറുമായ മഞ്ജുഷ. യാത്രയയപ്പു യോഗത്തിൽ പി പി ദിവ്യയുടെ ആരോപണ ശേഷം നവീൻ ബാബു കളക്ടറുടെ ചേമ്പറിൽ ചെന്ന് തനിക്ക് തെറ്റുപറ്റി എന്ന രീതിയിൽ സംസാരിച്ചു എന്നാണ് കളക്ടർ ഇന്നലെ വെളിപ്പെടുത്തിയത്. എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടാകാനുള്ള ഒരു സാധ്യതയും ഇല്ലെന്നും മഞ്ജുഷ പറഞ്ഞു.
സഹപ്രവർത്തകരായ ജീവനക്കാരോട് ഒരു വിധത്തിലും സൗഹാർദപരമായ പെരുമാറ്റമായിരുന്നില്ല കളക്ടറുടേത്. അതിനാൽ തന്നെ നവീന് കളക്ടറുമായി ഒരു വിധത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല. തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അവർ തമ്മിൽ ഒരു ഘട്ടത്തിലും ആത്മബന്ധം ഉണ്ടായിരുന്നില്ല. കളക്ടർ വീട്ടിൽ വരണ്ട എന്ന് പറഞ്ഞത് താൻ തന്നെയാണ്. ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്യാതിരുന്ന ഒരാൾ അനുശോചനത്തിൻ്റെ പേരിൽ പാഴ് വാക്കുമായി വരേണ്ടതില്ലന്നും മഞ്ജുഷ തുടർന്നു പറഞ്ഞു.