പാലക്കാട് മുരളി മതിയെന്ന ഡി സി സിയുടെ കത്ത് പുറത്ത് , മുരളി അത്രക്കും മഹാനോ എന്ന് രാഹുൽ പക്ഷം

At Malayalam
1 Min Read

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ പാർട്ടി ഉന്നത നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. പാലക്കാട് ബി ജെ പിയെ തുരത്താൻ ശക്തനായ സ്ഥാനാർത്ഥിയാണ് വേണ്ടതെന്നും അതിനാൽ പാർട്ടി ജില്ലാ കമ്മറ്റിയുടെ അഭിപ്രായമാണിതന്നും കത്തിൽ പറയുന്നുണ്ട്. കെ സി വേണുഗോപാൽ, സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി , കെ സുധാകരൻ, വി ഡി സതീശൻ എന്നിവരെയാണ് കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയതിൻ്റെ പഴി കേട്ടുകൊണ്ടിരിക്കുന്ന ഷാഫി പറമ്പിൽ, വി ഡി സതീശൻ എന്നിവർക്കുള്ള ഇരുട്ടടിയായി മാറി ഈ കത്ത്. രാഹുൽ മാങ്കൂട്ടം സ്ഥാനാർത്ഥിയായതോടെ സരിൻ പിണങ്ങി മാറിയതും പല പ്രാദേശിക നേതാക്കളും കലഹിച്ചതും കൂടി ചേർത്തു വായിക്കുമ്പോൾ ആരുടേയോ കളിയുടെ ഭാഗമാണ് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം എന്ന് കാണേണ്ടി വരും.

കെ മുരളീധരന് എന്താണിത്ര കനപ്പെട്ട മഹത്വം എന്ന് രാഹുലിനെ അനുകൂലിക്കുന്നവരും ചോദിക്കുന്നുണ്ട്. കേരളത്തിൽ എവിടെ നിർത്തിയാലും കെ മുരളീധരനെ ആളുകൾ ജയിപ്പിക്കാൻ വേണ്ടി എന്ത് സംഭാവനയാണ് കെ മുരളീധരൻ കേരളത്തിനും കോൺഗ്രസിനും നൽകിയിട്ടുള്ളതെന്നും അവർ ചോദിക്കുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കാത്ത ആളല്ലല്ലോ മുരളീധരനെന്നും ജയത്തേക്കാൾ തോൽവിയാണല്ലോ മുരളിക്കുള്ളതെന്നും അവർ ചോദിക്കുന്നു. കെ പി സി സി പ്രസിഡൻ്റായിരുന്ന കാലത്തെ വിശേഷങ്ങൾ കെ കരുണാകരൻ്റെ സന്തത സഹചാരിയായിരുന്ന രാജ് മോഹൻ ഉണ്ണിത്താൻ നാടുനീളെ പാടി നടന്നത് ആരും മറക്കേണ്ടന്നും അവർ ഓർമിപ്പിക്കുന്നു. ഡി ഐ സി കാലവും, എ കെ ആൻ്റണിയെ മുക്കാലിയിൽ കെട്ടിയിട്ടടിക്കാൻ പറഞ്ഞതും ആരാണെന്നും എല്ലാവർക്കും അറിയാം. ഇപ്പോൾ കളിക്കുന്ന വിമതക്കളി മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണെന്നും അവർ പറയുന്നു. മരണ വീട്ടിലും കല്യാണ വീട്ടിലും ചെന്നാൽ വലിയ നേതാവാകില്ലെന്നും ചാനലുകൾക്കു മുന്നിൽ വലിയവായിൽ വർത്തമാനം പറഞ്ഞ് ആരും മേനി നടിക്കരുതെന്നും അവർ ഓർമിപ്പിക്കുന്നു.

Share This Article
Leave a comment