ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ പ്രചാരണം നടത്തരുതെന്ന് കെ പി സി സി നിർദേശിച്ചു. പാലക്കാട് കോൺഗ്രസിൽ ഷാഫി പറമ്പിലിനെതിരെ പടനീക്കം തുടരുന്നതായാണ് വിവരം. തെരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികൾ ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം തീരുമാനിച്ചാൽ മതിയെന്നും കെ പി സി സി നിർദേശിച്ചു. ഷാഫിയുടെ പ്രവർത്തനം സംബന്ധിച്ച് നേതാക്കൾക്കിടയിൽ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
തന്നെ ആരും താക്കീത് ചെയ്തിട്ടില്ല എന്ന് ഷാഫി പറയുന്നുണ്ടങ്കിലും സംഗതി ശരിയാണെന്ന് ഉന്നത നേതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്ടെ പഴയ കോൺഗ്രസ് എം പി യും മുതിർന്ന നേതാവുമായ വി എസ് വിജയ രാഘവൻ പോലും ഷാഫിക്കെതിരെ രൂക്ഷ ഭാഷയിൽ സംസാരിച്ചതായാണ് വിവരം. ഈ കോലാഹലങ്ങൾക്കിടയിലാണ് ഷാഫിയെ വിമർശിച്ചും കോൺഗ്രസ് വിട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പി സരിനെ അനുകൂലിച്ചും എഫ് ബി പോസ്റ്റിട്ട യൂത്ത് കോൺഗ്രസിൻ്റെ ജില്ലയിലെ ഒരു പ്രമുഖ നേതാവിനെ മർദിച്ചതായി പരാതി ഉയർന്നത്. തുടർന്ന് പ്രതിഷേധിച്ച നേതാക്കൻമാരുമായിട്ടൊക്കെ കോൺഗ്രസ് സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടാണ് ഷാഫിക്ക് രഹസ്യ വിലക്ക് നൽകിയതെന്നാണ് ഒരു മുതിർന്ന സംസ്ഥാന നേതാവ് അറിയിച്ചത്.