പരിയാരം മെഡിക്കൽ കോളജിലെ താത്ക്കാലിക ജീവനക്കാരനായ പ്രശാന്തനെ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല, ഇങ്ങനെയൊരാളെ വകുപ്പിൽ ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും കണ്ണൂരിലെത്തി ഒരു തവണ കൂടി അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടു കിട്ടിയാലുടനെ പ്രശാന്തനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. നവീൻ ബാബുവിനെ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്നതാണ്. നവീൻ്റെ കുടുംബത്തിന് പൂർണമായും നീതി കിട്ടും. അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശയ കുഴപ്പവുമില്ല. കൂടുതൽ കാര്യങ്ങളൊക്കെ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതാണല്ലോ എന്നും മന്ത്രി കൂട്ടിച്ചേർത്തു.