അപകടരമായി കെ എസ് ആർ ടി സി ബസ് ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് സംഭവം. പത്തനംതിട്ട നിന്നും വയനാട്ടിലേക്കു പോയ ബസാണ് ഡ്രൈവർ അശ്രദ്ധമായും അപകടകരമായും ഓടിച്ചത്. യാത്രക്കാരനായ ഒരാൾ ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ അയാളെ തെറി പറയാൻ തുടങ്ങി. തുടർന്ന് മറ്റുള്ള യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടയിൽ ബസിലിരുന്ന ഒരാൾ ചോദ്യം ചെയ്ത വ്യക്തിയെ തെറി പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പറയുന്നു. കൂടാതെ ആ യാത്രക്കാരനെ പെരുവഴിയിൽ ഇറക്കി വിടുകയും ചെയ്തു.
അപകടരമായ ഡ്രൈവിംഗിനെ തുടർന്ന് യാത്രക്കാരുടെ തല ഉൾപ്പെടെ ബസിൻ്റെ കമ്പികളിൽ ഇടിച്ചപ്പോഴാണ് ഒരാൾ അത് ചോദ്യം ചെയ്തത്. ബസിലെ ഡ്രൈവറുടെ സുഹൃത്തും കെ എസ് ആർ ടി സി ജീവനക്കാരനുമായ വ്യക്തിയാണ് യാത്രക്കാരനെ മർദിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. തുടർന്ന് ബസ് അരീക്കോട് സ്റ്റേഷനിലെത്തിച്ചു. മർദിച്ച വ്യക്തിയിൽ നിന്നും പൊലിസ് മദ്യകുപ്പി കണ്ടെടുത്തായി പറയുന്നു. യാത്രക്കാരനെ പെരുവഴിയിൽ ഇറക്കിവിട്ട ശേഷം പൊലിസ് സ്‌റ്റേഷനിലേക്കു ബസ് ഓടിച്ചപ്പോഴും അപകരമായ ഡ്രൈവിംഗ് ആയിരുന്നുവെന്ന് യാത്രക്കാർ പൊലിസിനോട് പരാതിപ്പെട്ടു.