സി പി എം എല്ലാ അർത്ഥത്തിലും അകാലത്തിൽ മരിച്ചു പോയ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംഹാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും കുടുംബം തന്നോട് ആവശ്യപ്പെട്ടതായും എം വി ഗോവിന്ദൻ അറിയിച്ചു.
ഈ വിഷയത്തിൽ ആദ്യം മുതൽ പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണ്. മാധ്യമങ്ങൾ ആവശ്യമില്ലാത്ത വാർത്തകൾ ഉണ്ടാക്കരുത്. സി പി എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് – എം വി ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തിനാവശ്യമായ എല്ലാ നടപടികൾക്കും വേണ്ട പൂർണ പിന്തുണ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ചില പ്രത്യേക മാധ്യമങ്ങൾ പറയുന്നതു പോലെ കണ്ണൂരിലെ പാർട്ടിയെന്നോ പത്തനംതിട്ടയിലെ പാർട്ടിയെന്നോ വ്യത്യാസമില്ല പാർട്ടിയുടെ നിലപാട് ഒന്നു തന്നെയാണെന്നും ഗോവിന്ദൻ തുടർന്നു.
രാവിലെ വീട്ടിലെത്തിയ എം വി ഗോവിന്ദൻ കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചു. നവീനിൻ്റെ ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും പറയാനുള്ളതെല്ലാം കേട്ട ശേഷമാണ് മടങ്ങിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , മുൻ എം എൽ എ രാജു എബ്രഹാം എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.