കൊല്ലം ജില്ലയിലെ ചിതറയിൽ നടന്ന കൊലപാതകത്തിനു പിന്നിൽ മയക്കുമരുന്ന് ലഹരി , സാമ്പത്തിക ഇടപാടുകൾ , ആഭിചാര ക്രിയ എന്നിവയാണെന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനും കൊല്ലം നിലമേൽ സ്വദേശിയുമായ ഇർഷാദ് ആണ് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. ചിതറ വിശ്വാസ് നഗറിൽ താമസിക്കുന്ന ഇർഷാദിൻ്റെ സുഹൃത്ത് സഹദാണ് കൊലപാതകം നടത്തിയത്. അടൂർ പൊലിസ് ക്യാമ്പിലെ ഹവിൽദാറായ ഇർഷാദ് ഏറെക്കാലമായി കൃത്യവിലോപത്തിന് സസ്പെൻഷനിലാണന്നും പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി സഹദിൻ്റെ വീട്ടിൽ ഇർഷാദ് ഇടക്കിടെ വരാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം സഹദിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് പരിശോധന നടത്തിയപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇർഷാദിനെ കണ്ടത്. തുടർന്ന് ചിതറ പൊലിസെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
കൊലപാതകം നടത്തിയ കത്തി വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ചോര പുരണ്ട നിലയിൽ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. ചിതറയിൽ സഹദിനെ അറിയാവുന്നവർ ഇല്ലെന്നാണറിയുന്നത്. മറ്റെവിടെ നിന്നോ എത്തി ചിതറയിൽ താമസിക്കുന്നവരെന്നാണ് നാട്ടുകാർ പറയുന്നത്. ആരുമായും സഹദിന് ബന്ധങ്ങൾ ഉണ്ടായിരുന്നതായും ആർക്കും അറിയില്ല.