നവീൻ ബാബു സി പി എം സഹയാത്രികൻ, സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി

At Malayalam
1 Min Read

കണ്ണൂർ ജില്ലയിലെ മുൻ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്‍റെയും സുഹൃത്തക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പാർട്ടി പങ്കു ചേരുകയാണ്. സർവീസ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം പത്തനംതിട്ട ജില്ലയിലാണ് അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുള്ളത്. ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല.

മികച്ച രീതിയിൽ സേവനം നടത്തുന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ആവശ്യവുമായി സമീപിച്ചിട്ടുള്ള വർക്കെല്ലാം നല്ല അനുഭവം മാത്രം നമ്മാനിച്ചിട്ടുള്ളയാളാണ് നവീൻ. സി പി എമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വർഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്.

ഔദ്യോ​ഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയിൽ എന്‍ ജി ഒയുടെയും കെ ജി ഒയുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ അദ്ദേഹം ദീർഘാനാൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികസങ്ങളേയും തുടർന്നുള്ള നവീന്റെ അത്മഹത്യയെയും സി പി എം ഗൗരവമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെപി ഉദയഭാനു ആവശ്യപ്പെട്ടു.

Share This Article
Leave a comment