കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്ട്രേഷൻ നിർബന്ധമാക്കി. 2020 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട്, അനുബന്ധ ചട്ടങ്ങൾ, 2021 ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് എന്നിവ പ്രകാരമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. എം ബി ബി എസ് യോഗ്യത രജിസ്റ്റർ ചെയ്യാതെയും എം ഡി / എം എസ് / ഡി എൻ ബി, ഡി എം / എം സി എച്ച് / ഡി ആർ എൻ ബി തുടങ്ങിയ അധിക യോഗ്യതകൾ രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.
രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകൾ പ്രദർശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ശിക്ഷാർഹമാണ്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും സഹിതം ആശുപത്രി മാനേജ്‌മെന്റുകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകുന്നതും കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രവർത്തികളിലും ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കൗൺസിലിന് അധികാരമുണ്ട്.
മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ്) എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ.
കേരളത്തിലെ മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള അസൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് അവരുടെ യോഗ്യത ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ / നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണം. മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം ഡിസ്‌പ്ലേ ബോർഡുകളിൽ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, യോഗ്യത, മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധിക യോഗ്യത, രജിസ്ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുത്തണം.
ആധുനിക വൈദ്യശാസ്ത്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, രജിസ്ട്രേഷൻ നമ്പർ, യോഗ്യതകൾ, അധിക യോഗ്യതകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ലിസ്റ്റ് എല്ലാ സ്ഥാപന മേധാവികളും കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിലേക്ക് ksmcdoctorlist@gmail.com ൽ ഒക്ടോബർ 31 ന് മുമ്പ് സമർപ്പിക്കണമെന്നും സംസ്ഥാന മെഡിക്കൽ കൗൺസിൽ അറിയിച്ചു.