ശബരിമല ദർശനത്തിന് സ്പോട് ബുക്കിംഗ് കൂടി ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. സ്പോട് ബുക്കിംഗ് ആവശ്യമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.
നേരത്തേ സി പി ഐയും സ്പോട് ബുക്കിംഗ് ആവശ്യമാണന്നും അല്ലെങ്കിൽ ആർ എസ് എസും ബി ജെ പിയും ഭക്തരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനയ്ക്കു പിന്നാലെ ദേവസ്വം മന്ത്രി വി എൻ വാസവൻ അതു പാടേ തള്ളിക്കളഞ്ഞിരുന്നു. ചിലർ കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ അഭിപ്രായ പ്രകടനം നടത്തുകയായിരുന്നുവെന്ന് മന്ത്രി പറയുകയും ചെയ്തു.
സ്പോട് ബുക്കിംഗ് വേണമെന്ന് ആവശ്യപ്പെട്ട എം വി ഗോവിന്ദൻ വർഗീയ വാദികൾക്ക് ശബരിമലയിൽ മുതലെടുപ്പിനുള്ള അവസരം ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. 80,000 വെർച്വൽ ക്യൂവിൽ നിജപ്പെടുത്തി, 10,000 മുതൽ 15,000 വരെ സ്പോട് ബുക്കിംഗ് പരിഗണിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
സ്പോട് ബുക്കിംഗ് കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡെപ്യൂട്ടി സ്പീക്കറും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള എം എൽ എ യുമായ ചിറ്റയം ഗോപകുമാറും ഇന്ന് ദേവസ്വം മന്ത്രി വി എൻ വാസവന് കത്തു നൽകി