ട്രെയിൻ യാത്രക്കിടെ ദമ്പതികൾ കൊള്ളയടിക്കപ്പെട്ടു. ഹുസൂരിൽ താമസക്കാരായ രാജുവും ഭാര്യ മറിയാമ്മയുമാണ് കൊള്ളയടിക്കപ്പെട്ടത്. ഇവർ കായംകുളത്തു നിന്ന് ട്രെയിനിൽ കയറിയതാണ്. കംപാർട്ടുമെൻ്റിൽ ഉണ്ടായിരുന്ന ഒരാളെ പരിചയപ്പെട്ടു. ബിസിനസുകാരനാണെന്നും അതിൻ്റെ ആവശ്യത്തിനായി യാത്ര ചെയ്യുന്നതാണെന്നും അയാൾ ദമ്പതികളോട് പറയുകയും ഇവർ പരസ്പരം സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ നേരം ഇരുവരും കയ്യിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചതായി പറയുന്നു. പിന്നാലെ ഇരുവരും ബോധരഹിതരായി എന്നാണ് പറയുന്നത്.
മാതാപിതാക്കളെ കാത്ത് ജോലാർപേട്ട് സ്‌റ്റേഷനിൽ നിന്ന മകൻ ഇവരെ കാണാതായതോടെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ദമ്പതികളെ ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. കട്പാടി സ്‌റ്റേഷനിൽ ഇവരെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിൽ സൗഹൃദം സ്ഥാപിച്ച സഹയാത്രികനെ കാണാനുമില്ലായിരുന്നു.
മാല, വള, നാലു മോതിരം എന്നിവയുൾപ്പെടെ പന്ത്രണ്ടോളം പവൻ സ്വർണവും പതിനായിരം രൂപയും ബാഗും ഇവർക്ക് നഷ്ടമായിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.