വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ മല വെള്ള പച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ ആശങ്കയിലായി. ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന എത്തി സഞ്ചാരികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇടുക്കി ജില്ലയിലെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം വെള്ളച്ചാട്ടം ആസ്വദിച്ചു നിൽക്കുമ്പോൾ മലമുകളിൽ ശക്തമായ മഴ പെയ്ത് വെള്ളം കുത്തിയൊഴുകി എത്തുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ എങ്ങോട്ടും മാറാനാകാതെ പാറപ്പുറത്ത് എല്ലാവരും ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്നു. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവരെത്തി സംഘാംഗങ്ങളെ ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. കുട്ടികൾ ഉൾപ്പടെയുള്ള സംഘത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.