ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. യാത്രക്കാരായ ദമ്പതികൾ അത്ഭുതകരമാംവിധം രക്ഷപ്പെടുകയും ചെയ്തു. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശികളാണ് ദമ്പതികൾ. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ദമ്പതികളെ കരയ്ക്കെത്തിച്ചു.
ഓടിക്കൊണ്ടിരുന്ന കാർ ഒരു ചപ്പാത്ത് കയറവേ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും കിണറ്റിൽ ഏണി ഇറക്കി വച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്കാണ് അനിൽ – വിസ്മയ ദമ്പതികൾ സഞ്ചരിച്ചിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചതും ഗുണമായി. വെള്ളം കയറി തുടങ്ങിയതോടെ ബെൽറ്റ് മാറ്റി അനിൽ വിസ്മയയെ പുറത്തിറക്കി നിർത്തി, കാറിനു മുകളിൽ നിന്ന് ആദ്യം വിസ്മയേയും പിന്നാലെ അനിലിനേയും ഏണി വഴി പുറത്തെത്തിക്കുകയായിരുന്നു.
അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരുന്ന ചപ്പാത്തിൽ അപ്രതീക്ഷിതമായി കാർ കയറിയപ്പോൾ നിയന്ത്രണം തെറ്റുകയായിരുന്നു. തക്ക സമയത്ത് ദമ്പതികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമായി. അപകടത്തിൽ കാർ തകർന്ന നിലയിലാണ്.