വെർച്വൽ ക്യൂ മാത്രം, ഭക്തരുടെ ദർശനവും സുരക്ഷയും പ്രധാനമെന്ന് ദേവസ്വം ബോർഡ്

At Malayalam
1 Min Read

ശബരിമല അയ്യപ്പ ദർശനത്തിന് ഇത്തവണ വെർച്വൽ ക്യൂ മാത്രമെന്ന് ദേവസ്വം ബോർഡ്. മറ്റെന്തിനേക്കാളും , ദർശനത്തിനെത്തുന്ന ഭക്തരുടെ ദർശനത്തിനും സുരക്ഷയ്ക്കും മുൻ കരുതൽ നൽകുക എന്ന സദുദ്ദേശം മാത്രമാണ് ഇതിനു പിന്നിലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. മാലയിട്ട് വ്രതമെടുത്ത് ശബരിമലയിൽ എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

വെർച്ച്വൽ ക്യൂ ആധികാരികമായ രേഖയാണന്നും സമാന്തരമായി മറ്റൊരു സംവിധാനം കൂടിയുണ്ടാക്കുന്നത് ആശാസ്യമല്ലന്നും നല്ല ഉദ്ദേശത്തോടു കൂടിയാണ് ഇത് നടപ്പിലാകുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു. വെർച്വൽ ക്യൂ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കാൻ വേണ്ട സംവിധാനങ്ങൾ സർക്കാരുമായി ആലോചിച്ച് ഉറപ്പാക്കുമെന്നും പ്രശാന്ത് അറിയിച്ചു.

വെർച്വൽ ക്യൂവിനൊപ്പം സ്പോട് ബുക്കിംഗ് കൂടി ഉണ്ടെന്നറിഞ്ഞാൽ പിന്നെ ആരും വെർച്വൽ ക്യൂവിലേക്കു വരില്ലെന്നും പ്രശാന്ത് പറയുന്നു. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനുള്ള 90 ശതമാനം ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. വരുമാനം മാത്രം നോക്കിയാൽ പോരെന്നും ഭക്തരുടെ സുരക്ഷയെ മുൻ നിർത്തി എടുക്കുന്ന തീരുമാനങ്ങളോട് എല്ലാവരും പൂർണമായും സഹകരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

Share This Article
Leave a comment