പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിലിൻ്റെ കാട്ടൂർ കടവ് എന്ന നോവലിന് 48 ആമത് വയലാർ അവാർഡ്. കേരളത്തിൻ്റെ രാഷ്ട്രീയ മനസ് ഉൾക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.
മുന്നൂറിൽ അധികം പുസ്തകങ്ങളാണ് പുരസ്ക്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്. ഒരേ പോയിൻ്റു ലഭിച്ച ആറു രചനകളാണ് അന്തിമഘട്ടത്തിൽ ജൂറിയ്ക്കു മുന്നിൽ എത്തിയത്. ബെന്യാമിൻ, ഗ്രേസി, കെ എസ് രവികുമാർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അശോകൻ ചരുവിൽ തൃശൂർ ജില്ലയിലെ കാട്ടൂർ സ്വദേശിയാണ്. സാഹിത്യ അക്കാദമി പുരസ്ക്കാരമടക്കം മുട്ടത്തു വർക്കി, ചെറുകാട്, ഇടശ്ശേരി എന്നിവരുടെ പേരിലുള്ള പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് നേരത്തേ ലഭിച്ചിട്ടുണ്ട്. കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായും അശോകൻ ചരുവിൽ പ്രവർത്തിച്ചിട്ടുണ്ട്.