ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റി എന്നു കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയും കോൺഗ്രസ് സംഘടനാ നേതാവുമായ കെ കെ ശ്രീലാലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവാണ് ശ്രീലാൽ.
പൊതു ഭരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയായ ശ്രീലാൽ നേരത്തേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളജിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ജോലി ചെയ്തിരുന്നു. ആ സമയത്ത് ക്ലർക്ക്, അറ്റൻഡർ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പണം നഷ്ടമായവരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ നാലു വർഷമായി ഇയാൾ സസ്പെൻഷനിൽ ആയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി സംസ്ഥാന പൊലിസ് മേധാവി റിപ്പോർട്ടും നൽകി. അതിൻ്റെ അടിസ്ഥാനത്തിലാണ് കെ കെ ശ്രീലാലിനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു പിരിച്ചു വിട്ടത്.