ഉപതെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന. മിക്കവാറും അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനുളള തയ്യാറെടുപ്പിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ.
കേരളത്തിൽ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ വയനാട് ലോക്‌സഭാ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ചേലക്കര നിയമസഭാ മണ്ഡലത്തിൽ മുൻമന്ത്രിയും സി പി എം നേതാവുമായ കെ രാധാകൃഷ്ണനും പാലക്കാട് നിന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലും രാജിവച്ചിരുന്നു. ഇരുവരും ലോക്സഭയിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. വയനാട്ടിൽ നിന്നു ജയിച്ച രാഹുൽ ഗാന്ധിയാകട്ടെ മറ്റൊരു മണ്ഡലത്തിൽ നിന്നു കൂടി ജയിച്ചതിനാൽ വയനാട് ഒഴിവാക്കി പോവുകയുമാണ്.
കേരള രാഷ്ട്രീയ അന്തരീക്ഷമാകട്ടെ ഏറെ കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്. ആരോപണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് കലങ്ങി മറിഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മൂന്നു മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.