നഗ്നനായി ടൂ വീലർ ഓടിച്ച് യുവാവ്, പിറകേ ഓടി പൊലിസും

At Malayalam
1 Min Read

പെരുമ്പാവൂരിൽ എ എം റോഡിലൂടെ ഇരുചക്ര വാഹനം ഓടിച്ചു പോയ യുവാവിനെ കണ്ട് നാട്ടുകാർ ഞെട്ടി. രാജാവ് നഗ്നനാണ് എന്നൊക്കെ പറഞ്ഞപോലെ യുവാവ് നഗ്നനാണ് സുഹൃത്തുക്കളേ യുവാവ് നഗ്നനാണ്. തുണിയുടെ പൊടി പോലുമില്ല ദേഹത്ത്. കുറേപ്പേർ മൊബയിൽ ഫോൺ കയ്യിലെടുത്ത് ആ അപൂർവ ദൃശ്യങ്ങൾ പകർത്തി വാട്ട്സ് ആപ്പിൽ കൈമാറി. യുവാവ് ഒന്നും അറിയാത്ത പോലെ വണ്ടി ഓടിച്ച് ആലുവാ ഭാഗത്തേക്കു പോയി.

യുവാവ് കോലഞ്ചേരിയിലും പിറന്ന വേഷത്തിൽ ടൂ വീലർ പറപ്പിച്ചതായി പിന്നീട് പൊലിസിന് വിവരം കിട്ടി. പുലർച്ചെ യുവാവ് ഒരു പത്രവിതരണക്കാരനെ ആക്രമിച്ചതായി പറയുന്നു. ചങ്ങലയിൽ കൊളുത്തിയിടുന്ന വിളക്ക് കൊണ്ട് ഇയാളെ യുവാവ് മർദിക്കുകയായിരുന്നു. അയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും അയാളുടെ മൊബയിൽ ഫോണും ടൂ വീലറുമെടുത്ത് യുവാവ് കടന്നുകളഞ്ഞു. നാണം വന്നിട്ടാവും, അന്നേരം കയ്യിൽ കിട്ടിയ ഒരു ഫ്ലക്സ് വലിച്ചെടുത്ത് അരയിൽ ചുറ്റിയിട്ടാണ് യുവാവ് പോയതെന്ന് പത്രവിതരണക്കാരൻ പറഞ്ഞു.

പത്ര വിതരണക്കാരൻ്റെ മൊബയിൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പിടിച്ച് പൊലിസ് അന്വേഷണം തുടങ്ങി. കൂത്താട്ടുകുളം – തൊടുപുഴ റൂട്ടിൽ മാറിക എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്നും ഫോണും സ്കൂട്ടറും കിട്ടി. പക്ഷേ നഗ്ന യുവാവിനെ കണ്ടു കിട്ടിയില്ല. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് വീട്ടുകാർ പറയുന്നത്. പൊലിസ് വിശദമായ അന്വേഷണം തുടങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്.

Share This Article
Leave a comment