ഇസ്രായേലിലേക്ക് 200 ഓളം ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ, കലങ്ങി മറിഞ്ഞ് പശ്ചിമേഷ്യ

At Malayalam
2 Min Read

അപ്രതീക്ഷിതമായി ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നടുങ്ങി മലയാളികൾ അടക്കമുള്ള ഇസ്രായേലി സമൂഹം. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണം തുടങ്ങിയതോടെ ഇസ്രായേലിലുള്ളവർ വീടുകൾക്കുള്ളിലും മറ്റു സുരക്ഷിത സ്ഥാനങ്ങളിലുമുള്ള ബങ്കറുകളിലേക്കു മാറിയതായാണ് വിവരം. കുറച്ചു പേർക്ക് പരിക്കു പറ്റിയതൊഴിച്ചാൽ ജീവഹാനികൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇസ്രായേൽ വൃത്തങ്ങൾ പറയുന്നു. ആക്രമണത്തിനു മുമ്പു തന്നെ ഇറാൻ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് അമേരിക്ക ഇസ്രായേലിനു നൽകിയിരുന്നു.

ആക്രമണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാഹാരിസും ദേശീയ കൗൺസിലുമായി യോഗം ചേരുകയും ഇസ്രായേലിനെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുത്തതായും അറിയുന്നു. ഇസ്രായേലിലുള്ള ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് വേഗത്തിൽ മാറേണ്ടി വന്നാൽ അതിനുള്ള തയ്യാറെടുപ്പകൾ നടത്തി കരുതലോടെ ഇരിക്കാനും എംബസി നിർദേശം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇസ്രായേൽ സൈന്യം പലസ്തീനിൽ കടുത്ത ആക്രമണമാണ് നടത്തിവരുന്നത്. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള അടക്കം നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നസറുള്ളയുടെ മരണശേഷം ഇസ്രായേലിനെ പ്രതിരോധിക്കാൻ നീണ്ട യുദ്ധത്തിനു തങ്ങൾ തയ്യാറാണെന്നും കര ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും ഹിസ്ബുള്ളയുടെ ഉപനേതാവ് നയിം കാസിം അറിയിച്ചിരുന്നു.

180 ൽ അധികം ഹൈപ്പർ സോണിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിനു നേരേ തൊടുത്തുവിട്ടതെന്ന് അറിയുന്നു. എന്നാൽ ഇറാൻ്റെ ആക്രമണം സമ്പൂർണ പരാജയമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ വലിയ ഒരു തെറ്റു ചെയ്തു. അതിനുള്ള മറുപടി ഒട്ടും വൈകാതെ അവർക്ക് നൽകുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയ ദാർഢ്യവും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഇസ്രായേലിൻ്റെ ദൃഢനിശ്ചയവും ഭൗർഭാഗ്യവശാൽ ഇറാനു മനസിലാകുന്നില്ല. ഈ പിഴയ്ക്ക് ഇറാൻ വൈകാതെ വലിയ വില കൊടുക്കേണ്ടി വരും. അവരുടെ പ്രവൃത്തിയുടെ ഫലം അവർ അനുഭവിക്കും, അത് അത്യന്തം വേദനാജനകമായിരിക്കുകയും ചെയ്യും. അതേ സമയം അമേരിക്ക ഇക്കാര്യത്തിൽ ഇസ്രായേലിനെ പൂർണമായും പിന്തുണക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

- Advertisement -

ആക്രമണത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയർന്നു തുടങ്ങി. 5 % വർധന ഇതിനോടകം വിപണിയിൽ രേഖപ്പെടുത്തി കഴിഞ്ഞു.

Share This Article
Leave a comment