എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ഡി ജി പി ഡോ. ഷെയ്ഖ് ദേർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയേക്കും. അന്വേഷണം അന്തിമ ഘട്ടത്തിലാണ്. 30 ദിവസത്തെ സമയമാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രി നൽകിയിരുന്നത്.
വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്ന നടപടികൾ അടക്കം പൂർത്തിയായതായാണ് മനസിലാക്കുന്നത്. ആർ എസ് എസ് നേതാക്കളെ എ ഡി ജി പി പോയി കണ്ടത്, പൂരം കലക്കലുമായി അജിത് കുമാറിന് ബന്ധമുണ്ടോ, വഴിവിട്ട സമ്പാദ്യങ്ങൾ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരുന്നുണ്ട്.
റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിച്ച ശേഷമാകും ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഉൾപ്പെടെ തീരുമാനമാകുന്നത്. അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ സേനയെ മൊത്തത്തിൽ സംശയത്തിൻ്റെ നിഴലിലാക്കിയെന്ന് ഡി ജി പിക്ക് അടക്കം അഭിപ്രായമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചതായാണ് വിവരം. എന്തായാലും റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നതോടെ ഇത്തരം കാര്യങ്ങളിലൊക്കെ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.