തിരുവനന്തപുരത്തു നിന്നും ഡെൽഹിയിലേക്കു പോയ കേരള എക്സ്പ്രസ് ട്രെയിൻ വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉത്തർ പ്രദേശിലെ ഝാൻസിയിൽ എത്തിയ ട്രെയിനിൻ്റെ ചില ബോഗികൾ തകർന്ന പാളത്തിലൂടെയാണ് ഓടിയത്. അറ്റകുറ്റ പണികൾ നടന്നു കൊണ്ടിരുന്ന ട്രാക്കിലൂടെയാണ് ട്രെയിൻ ഓടിയത്. ഇത് മനസിലാക്കിയ തൊഴിലാളികൾ ചുവന്ന കൊടി ഉയർത്തി കാണിക്കുകയും ലോക്കോമോട്ടിവ് പൈലറ്റ് എമർജൻസി ബ്രേക്കിലൂടെ ട്രെയിൻ അടിയന്തരമായി നിർത്തുകയുമായിരുന്നു.
വേഗത്തിൽ ഓടി വന്ന ട്രെയിൽ ഝാൻസി സ്‌റ്റേഷനു മുമ്പായി നിർത്തി ഇടുകയായിരുന്നു. ഭയങ്കരമായ ശബ്ദം ഇടക്കു കേട്ടതായി തകർന്ന പാളത്തിലൂടെ ഓടിയ ബോഗിയിലെ യാത്രക്കാർ പറഞ്ഞു. ട്രെയിൻ വരുന്നതു കണ്ട് ട്രാക്കിൽ പണിയെടുത്തു കൊണ്ടിരുന്ന ജീവനക്കാർ ഓടി മാറിയതു കൊണ്ട് മറ്റൊരു അപകടവും ഒഴിവായി.
സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.