അത് അർജുൻ തന്നെയെന്ന് ഉറപ്പിച്ചു. ഡി എൻ എ പരിശോധനാ ഫലം പുറത്തു വന്നു. ഇനി അവശേഷിക്കുന്ന ദേഹഭാഗങ്ങളുമായി ബന്ധുക്കൾ ഉടൻ നാട്ടിലേക്കു തിരിക്കും. അർജുൻ്റെ ശരീരത്തിലെ ഡി എൻ എയും സഹോദരൻ അഭിജിതിൻ്റെ ഡി എൻ എയുമാണ് ഒത്തുനോക്കി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
ഗംഗാവലി പുഴയിൽ നിന്ന് ലോറി കണ്ടെടുത്തതോടെ അതിൽ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ അർജുൻ്റേതു തന്നെയെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ ശരീരഭാഗങ്ങൾ അർജുൻ്റേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ നശിച്ചിരുന്നു. കൂടാതെ ഇത്തരം സന്ദർഭങ്ങളിലുള്ള സാങ്കേതികത പരിശോധനകൾ കൂടി നിയമ പ്രകാരം നടത്തേണ്ടതുണ്ട്. അതാണിപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിയുന്നത്.
അർജുൻ്റെ മൊബയിൽ ഫോണുകൾ, വാച്ച്, ചെരുപ്പുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഇന്നലെ തന്നെ ലോറിയുടെ ക്യാബിനിൽ നിന്നും ലഭിച്ചിരുന്നു. കൂടാതെ രണ്ടു വയസുള്ള തൻ്റെ മകൻ്റെ ഒരു കളിപ്പാട്ടം ക്യാബിനിൽ നിന്ന് കണ്ടെടുത്തത് മറ്റൊരു കണ്ണീർക്കാഴ്ചയായിരുന്നു.
ഇന്നലെ വണ്ടി കരയിൽ കയറ്റി വിശദമായ പരിശോധന നടത്തിയപ്പോഴാണ് അർജുൻ്റെ അവശേഷിച്ച ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്. തുടർന്ന് ഡി എൻ എ പരിശോധനക്കായി ശരീര ഭാഗങ്ങൾ മാറ്റുകയായിരുന്നു.