കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിലെ മുന്‍ എം എല്‍ എയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കണ്ണൂരിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണം സംഭവിച്ചത്.
ദീര്‍ഘകാലം കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തിന് വാരിയെല്ലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡി ഐ സി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍ഗോഡ് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡി സി സി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും കാൻ ഫെഡ് ജില്ലാ പ്രസിഡന്റ്, ഇലക്ട്രിസിറ്റി ബോർഡ് അംഗം പി എൻ പണിക്കർ സൗഹൃദ മെഡിക്കൽ കോളജ് സ്ഥാപക ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.