രാജ്യത്തെ വിവിധ കമ്പനികൾ നിർമിക്കുന്ന 50 ൽ അധികം മരുന്നുകൾക്ക് നിർദിഷ്ട ഗുണനിലവാരമില്ലെന്ന് ഡ്രഗ്സ് കൺട്രോളർ. പാരസെറ്റമോൾ, കാത്സ്യം ഗുളികകൾ, വിവിധ വൈറ്റമിൻ സപ്ലിമെൻ്റുകൾ എന്നിവയടക്കം ഗുണ നിലവാരമില്ലാത്തതാണ് എന്നാണ് കണ്ടെത്തൽ. സാധാരണ എല്ലാവരും വാങ്ങി ഉപയോഗിക്കുന്ന പാരസെറ്റമോൾ ഗുളികയുടെ കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നാണ് കൺട്രോളറുടെ വിലയിരുത്തൽ. കർണാടക ആൻ്റി ബയോട്ടിക്സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയുടെ പാരസെറ്റമോൾ തീരെ ഗുണ നിലവാരമില്ലാത്തതാണെന്ന് വിലയിരുത്തി.
കാത്സ്യം സപ്ലിമെൻ്റ് ഷെൽക്കാൾ, ഗ്ലീമെപിറൈഡ് (പ്രമേഹം), ടെൽമിസാർട്ടൻ (രക്ത സമ്മർദം) തുടങ്ങിയവയും ഗുണനിലവാരത്തിൽ തീരെ മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മിക്ക മരുന്നുകളും ഡോക്ടർമാർ വൻതോതിൽ കുറിപ്പടിയായി നൽകുന്നതും ആളുകൾ ആവശ്യപ്പെട്ട് മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നതുമാണെന്നതും കടുത്ത ആശങ്കയുണ്ടാക്കുന്നതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു