ലോറിക്കുള്ളിൽ നിന്നും ലഭിച്ച മൃതദേഹം അർജുൻ്റേതാണ് എന്നാണ് കരുതുന്നതെന്നും ഡി എൻ എ ഫലം വന്നാലേ ഇത് പൂർണമായും സ്ഥിരീകരിക്കാൻ കഴിയൂ എന്നും ജില്ലാ കളക്ടർ ലക്ഷിപ്രിയ ഷിരൂരിൽ പറഞ്ഞു. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഡി എൻ എ പരിശോധനാ ഫലം രണ്ടു ദിവസത്തിനുള്ളിൽ കിട്ടുമെന്നും മൃതദേഹം അർജുൻ്റേതാണെന്ന് പരിശോധനയിൽ സ്ഥിരീകരണം കിട്ടിയാലുടൻ കുടുംബത്തിന് അത് വിട്ടു നൽകുമെന്നും സതീഷ് കൃഷ്ണ എം എൽ എ യും അറിയിച്ചു.
ഗംഗാവലി പുഴയുടെ മുകളിൽ നിന്നും 12 മീറ്റർ താഴ്ചയിലാണ് ലോറി കിടന്നിരുന്നത്. ഇന്നലെ മൂന്നു മണിയോടെയാണ് ലോറി കണ്ടെത്തിയത്. ക്യാബിനുള്ളിൽ നിന്ന് മൃത ശരീരത്തിൻ്റെ ഭാഗങ്ങളും കിട്ടിയിരുന്നു. 72 ദിവസങ്ങളോളം വെള്ളത്തിൽ കിടന്ന് നശിച്ച നിലയിലാണ് ശരീരഭാഗങ്ങൾ ഉള്ളത്. ലോറി കണ്ടെത്തുമ്പോൾ അർജ്ജുൻ്റെ സഹോദരി ഭർത്താവും ലോറി ഉടമ മനാഫും സ്ഥലത്ത് ഉണ്ടായിരുന്നു. ഇരുവരും അർജ്ജുൻ്റെ ലോറിയാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഇനിയും രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. അവർക്കായുള്ള തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ എം എൽ എ പറഞ്ഞു.
അർജ്ജുനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിച്ച കർണാടക സർക്കാരിനെയും ജില്ലാ – പ്രാദേശിക ഭരണകൂടങ്ങളേയും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. കൂടാതെ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. അർജുൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പൂർണ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അർജുൻ്റെ ഭാര്യക്ക് സഹകരണ ബാങ്കിൽ കഴിഞ്ഞ മാസം തന്നെ ജോലിയും നൽകിയിരുന്നു.