വയനാട് ദുരന്തത്തിൽ കേരളത്തിനെ ‘മൈൻ്റു’ ചെയ്യാതെ കേന്ദ്രം എത്ര കാലം ഇങ്ങനെ മുന്നോട്ടു പോകും. ഈ അനങ്ങാപ്പാറ നയം മറ്റൊരു തെന്നിന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിനോടുണ്ടായില്ലല്ലോ?. അതിനു കാരണമുണ്ട്. ചന്ദ്ര ബാബു നായിഡുവിൻ്റെ ഒരു കൈയും കൂടിയാണ് കേന്ദ്രത്തിനെ താങ്ങിനിർത്തിയിരിക്കുന്നത്. കൈവലിച്ചാൽ സർക്കാരിങ്ങ് താഴെ പോരും, അപ്പൊ പിന്നെ കൈ അ
യച്ചങ്ങ് കൊടുക്കുക തന്നെ. ആന്ധ്രാപ്രദേശിൽ വെള്ളപൊക്കമുണ്ടായി, ഉറപ്പായും കേന്ദ്രം സഹായിക്കുക തന്നെ വേണം. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ടെത്തി 3,448 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. എന്നാൽ അതിലും വലിയ ദുരന്തമുണ്ടായ കേരളത്തിനെ പറ്റി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല.
കേരളം നൽകിയ നിവേദനം ചട്ട പ്രകാരമല്ല എന്നതാണ് കേന്ദ്രത്തിൻ്റെ ആക്ഷേപം. ആയിക്കോട്ടെ, അതു നമുക്കു പിന്നാലെ നോക്കാം. ആന്ധ്രയുടെ കാര്യത്തിൽ ഈ ചട്ടമൊന്നും നോക്കിയില്ല എന്നതും മറക്കാം. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ കണ്ടു, ചൂരൽ മല കണ്ടു, പിള്ളേരെ ഒക്കത്തിരുത്തി ഫോട്ടോ എടുത്തു, ആശുപത്രിയിൽ കിടന്നവരെ കണ്ടു, കരഞ്ഞു മെഴുകി പടമെടുത്ത് തിരിച്ചും പോയി. പിന്നൊരു അനക്കവുമില്ല. 41 ദിവസമായി, പിന്നാലെ ഓഗസ്റ്റ് 27 ന് മുഖ്യമന്ത്രി ഡെൽഹിയിൽ പോയി. പ്രധാനമന്ത്രിയെ കണ്ടു, കാര്യങ്ങൾ വീണ്ടും പറഞ്ഞു. ഇന്നേക്ക് 26 ദിവസമായിട്ടും ഒരു കുലുക്കവുമില്ല. മിനിമം ഒരു പാക്കേജ് പ്രഖ്യാപിക്കാനെങ്കിലുമുള്ള ഒരു ശ്രമം നടത്തണ്ടേ , അതും ഇതുവരെ ഇല്ല.
ആകെ 3,000 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടു. കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിനാണ് ഇത് നൽകിയത്. ഈ വർഷം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് കേന്ദ്രം വകയിരുത്തിയത് 388 കോടി രൂപയാണ്. ഇതിൽ നിന്നും 145 കോടി ഇതിനോടകം നൽകി. ബാക്കി അനുവദിക്കാതെ കേരളത്തിന് അനങ്ങാൻ കഴിയില്ല എന്നു സാരം.
ഒരു വീടിനു കേടുപറ്റിയാൽ അത് നന്നാക്കാൻ രണ്ടു ലക്ഷത്തിൽ താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുക. വയനാട്ടിൽ നശിച്ച വീടുകൾ നാം കണ്ടതാണ്. ഈ തുക ഇവിടെ എങ്ങനെ പ്രായോഗികമാകും. 10 ലക്ഷം കേരളം ചോദിച്ചു. കേടുപാടുകൾ എത്ര ചെറുതാണെങ്കിലും കേരളത്തിലെ ചെലവുകൾ അറിയാൻ പാടില്ലാത്തവരല്ല പുതിയ സമ്പ്രദായത്തിൽ ഇവിടെ വലിയ വായിൽ നിലവിളിക്കുന്നവർ. പുല്ലുമേഞ്ഞ , കുഴച്ച മണ്ണിൽ തീർത്ത, കാട്ടുമരം വെട്ടി കഴുക്കോലിട്ട ഉത്തർപ്രദേശ് കൂരകൾക്ക് മതിയാകുമോ രണ്ടു ലക്ഷത്തിൽ താഴെ ? ഇവിടത്തെ വീടിൻ്റെ സ്ഥിതി അതാണോ ? കൃഷി ചെയ്തും വിദേശത്ത് പോയും കൊള്ളാവുന്ന വീടുണ്ടാക്കിയവൻ കുറ്റക്കാരനായില്ലേ? സുരക്ഷിതത്വം എന്നത് വെറും വിടുവാക്കാണോ സർ ?
കൊടുക്കാനുള്ളതൊക്കെ കൊടുക്കേണ്ട രീതിയിൽ കൊടുത്തു എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ചോദിച്ചത് കൊടുക്കണ്ട. മിനിമം ഒരു പാക്കേജ് പ്രഖ്യാപിക്കേണ്ട സമയമായില്ലേ? എന്തിനും ഏതിനും വിവാദം സമൃദ്ധമായി വിളയുന്ന നാട്ടിൽ, അമ്മയെ തല്ലിയാലും 100 അഭിപ്രായമുള്ള നാട്ടിൽ, ഇതും അങ്ങനെയായിക്കോട്ടേ എന്നാവും കേന്ദ്രത്തിൻ്റെ മനസിലിരുപ്പ്.
ഇവിടെ തൃശൂർ എടുത്തവരുണ്ട്, ഫസ്റ്റ് റണ്ണറപ്പായവരുണ്ട്, പ്രതിപക്ഷ ബഞ്ചുകളിൽ നിറഞ്ഞിരിക്കുന്ന ഹിന്ദിയും ഇംഗ്ലീഷും പറയാനറിയാവുന്നവരുണ്ട്. ആർക്കും മിണ്ടാട്ടമില്ല. ആരും മിണ്ടില്ല, അതാണ് നമ്മൾ മലയാളികൾ. എന്നാൽ ഗീർവാണമടിക്കാൻ നമ്മളെ കഴിഞ്ഞേ ആരുമുള്ളു , അതിനിയും നന്നായി തുടരും, തുടരട്ടെ… തുടരുക അനുസ്യൂതം.