അരവിന്ദ് കെജരിവാളിൻ്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിൻ്റെ പാർട്ടിയായ എ എ പി യുടെ നേതാക്കൻമാരും എം എൽ എ മാരും ഡെൽഹിയിൽ അടിയന്തര യോഗം ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി എ എ പി കേന്ദ്രങ്ങൾ പറയുന്നു. ഭാവി പദ്ധതികളെ കുറിച്ചുള്ള രൂപരേഖ ഈ യോഗത്തിൽ ഉരുത്തിരിഞ്ഞതായും അവർ പറയുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ ഗോപാൽ റായ്, അതിഷി, സഞ്ജയ് സിംഗ്, രാഘവ് ചദ്ധ തുടങ്ങിയവരൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇതിനിടെ പാർട്ടി, ജനങ്ങൾക്കിടയിൽ സർക്കാരിനെ കുറിച്ചുള്ള ഒരു ഹിത പരിശോധന നടത്താൻ പോകുന്നതായും ചില നേതാക്കൾ പറയുന്നു. അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി കസേരയിൽ തുടരണമോ വേണ്ടയോ എന്ന് ഈ ജനഹിത പരിശോധനയിൽ തീരുമാനിക്കുമത്രേ. ബി ജെ പി യുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും നുണകൾക്കുമുള്ള മറുപടി ജനങ്ങൾ നൽകുമെന്നും നേതാക്കൾ പറയുന്നു.
എന്നാൽ, അരവിന്ദ് കെജരിവാളിൻ്റെ രാജി പ്രഖ്യാപനം വെറും നാടകമാണന്ന് ബി ജെ പി ആക്ഷേപിച്ചു. പ്രതിഛായ നഷ്ടമായതു കൊണ്ടാണ് എ എ പി നാടകം കളിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.