ഓണാഘോഷ പരിപാടികൾക്കിടെ നിയന്ത്രണം വിട്ട ബൈക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി തിരുവനന്തപുരത്ത് ഒരാൾ മരിച്ചു. മംഗലപുരം ശാസ്തവട്ടത്തുള്ള ക്ലബ്ബിൻ്റെ ഓണാഘോഷ പരിപാടികൾ കണ്ടു കൊണ്ടിരുന്ന ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. 44 വയസാണ് ഷൈജുവിൻ്റെ പ്രായം. ബൈക്കിലെത്തിയ പെരുങ്കുഴി സ്വദേശി റോഷൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു പോയിരുന്നു. റോഷൻ ഓടിച്ച ബൈക്കിനു പിന്നിൽ മറ്റു രണ്ടു പേർ കൂടി കയറിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് അമിത വേഗത്തിലായിരുന്നന്നും മൂവരും മദ്യപിച്ചിരുന്നതായും അറിയുന്നു.
തിരുവനന്തപുരത്തു തന്നെ നടന്ന മറ്റൊരു ബൈക്കപകടത്തിൽ 26 കാരൻ മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിനു സമീപമുള്ള മരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറി പൗണ്ട് കടവ് സ്വദേശിയായ അനുരാജാണ് മരിച്ചത്. ഈ അപകടത്തിലും മറ്റ് രണ്ടു പേർക്കു കൂടി ഗുരുതര പരിക്കുണ്ട്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.