മഴയിലാണോ ഓണം എന്നു ചോദിച്ചാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കൃത്യമായ മറുപടിയില്ല. പക്ഷേ, ഒരു കാര്യം അവർ പറയുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്നതാണത്. അതായത് ബംഗ്ലാദേശിനും മ്യാൻമറിനുമിടയിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അത് ന്യൂന മർദമായി ശക്തി പ്രാപിച്ചാൽ വരുന്ന ഏഴു ദിവസം വ്യാപകമായോ അല്ലങ്കിൽ ഇടയ്ക്കിടക്കോ മഴ പെയ്യുമെന്ന് സാരം.
എന്നാൽ ഇത്തരം സാധ്യത മുന്നിൽ കണ്ടു കൊണ്ട് പ്രത്യേക ജാഗ്രതാ നിർദേശങ്ങളൊന്നും തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. എന്നു കരുതി ഇനി പ്രഖ്യാപിച്ചു കൂടാ എന്നുമില്ല.
ഇന്നും നാളെയുമാണ് ശരിക്കും മലയാളികൾ ഓണം ആഘോഷിക്കുന്നതിനു വേണ്ട കോപ്പു കൂട്ടുന്നത്. പുറത്തു പോയി പലതും വാങ്ങേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടെ അവധി നാളെ തുടങ്ങും. നാട്ടിലേക്കു വണ്ടി കയറുന്നതിനുള്ള തിരക്കുകൾ, കച്ചവടക്കാരുടെ ഓണ വിപണി സജീവമാകുന്ന രണ്ടു നാളുകൾ. അങ്ങനെ മൊത്തത്തിൽ കേരളം ഇളകി മറിയുന്ന രണ്ടു ദിവസങ്ങൾ ആണ് ഇന്നും നാളെയും. അതിനിടയിൽ മഴ ഒരു അപ ശകുനമാകരുതേ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും.