ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു

At Malayalam
1 Min Read

നാലു മാസം ഗർഭിണിയായിരുന്ന പശുവിനെ ഉടമയുടെ അയൽവാസി വെട്ടിക്കൊന്നു. എറണാകുളം ജില്ലയിലെ പിറവത്ത് ഇടക്കാട്ടുവയലിൽ മനോജിൻ്റെ ജീവിതമാർഗമായിരുന്ന പശുവിനെയാണ് അയൽ വാസിയായ രാജു വെട്ടിക്കൊന്നത്. ആക്രമണത്തിൽ മനോജിൻ്റെ ഭാര്യക്കും മകനും പരിക്കേറ്റിട്ടുണ്ട്.

മൂന്നു പശുക്കളും കിടാങ്ങളുമാണ് മനോജിനുണ്ടായിരുന്നത്. ആക്രമണത്തിൽ മനോജിൻ്റെ മറ്റൊരു പശുവിനും കിടാവിനും കൂടി പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റ പശുവിന് കുറച്ചു നാൾ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു.

മനോജിനെതിരെ നേരത്തേ കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ രാജു പരാതി നൽകിയിരുന്നതായി പറയുന്നു. പശുത്തൊഴുത്തിലെ മാലിന്യം തൻ്റെ കിണറിൽ ഒലിച്ചിറങ്ങുന്നതായാണ് പരാതി നൽകിയിരുന്നത്. ജില്ലാ കളക്ടർക്കും പഞ്ചായത്തിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും പരാതിക്ക് അടിസ്ഥാനമില്ലന്ന് കണ്ടെത്തിയിരുന്നു. ബയോ ഗ്യാസ് പ്ലാൻ്റ് നിർമിക്കാൻ മാത്രമാണ് അധികൃതർ മനോജിന് നിർദേശം നൽകിയത്. മനോജ് അതിൻ്റെ നിർമാണം തുടങ്ങിയതായും പറയുന്നു.

പശുവിനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. രാജുവിനെതിരെ മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

- Advertisement -
Share This Article
Leave a comment