കൊല്ലം ജില്ലയിലെ ഓയൂരിൽ കഴിഞ്ഞ നവംബറിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം വേണം എന്ന ആവശ്യമുന്നയിച്ച് പൊലിസ് കോടതിയിൽ അപേക്ഷ നൽകി. കേസിൻ്റെ വിചാരണ തുടങ്ങാനിരിക്കവേയാണ് പൊലീസ് നടപടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ നിലവിൽ പിടിയിലായ പ്രതികൾക്കു പുറമേ ഒരാൾ കൂടി കാറിൽ ഉണ്ടായിരുന്നുവെന്നും ഇത് താൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ട് ചെവിക്കൊണ്ടില്ലെന്നും കുട്ടിയുടെ അച്ഛൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം എന്ന നിലപാടിലേക്ക് പൊലിസ് എത്തുന്നത്.
കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് മേധാവിയാണ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. പൊലിസ് നാടൊട്ടുക്ക് അന്ന് തെരച്ചിൽ നടത്തുന്നതിനടയിൽ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ, മകൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്ന് പൊലിസിൻ്റെ അപേക്ഷ പരിഗണിക്കുന്നുണ്ട്.