തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത ഡി കെ മുരളി എം എൽ എ യാണ് ഉദ്ഘാടനം ചെയ്തത്.
ഓണക്കാലത്തുണ്ടാകുന്ന അവശ്യവസ്തുക്കളുടെ വിലവർധന തടയുന്നതിനും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമായി 19 ഇനങ്ങളടങ്ങിയ ഓണക്കിറ്റും ഇവിടെ ലഭ്യമാണ്. 1,250 രൂപയാണ് ഓണക്കിറ്റിന്റെ വില. കളക്ടറേറ്റിലെ ജീവനക്കാരി ജി സതിക്ക് ഓണക്കിറ്റ് നൽകി, ആദ്യ വിൽപനയും എം എൽ എ നിർവഹിച്ചു.
ജയ അരി – അഞ്ച് കിലോ, പച്ചരി – രണ്ട് കിലോ, സാമ്പാർ പരിപ്പ് – ഒരു കിലോ, പഞ്ചസാര – ഒരു കിലോ, ചെറുപയർ – ഒരു കിലോ, മുളക് – 500 ഗ്രാം, കടല – 500 ഗ്രാം, ഉഴുന്ന് – ഒരു കിലോ, വെളിച്ചെണ്ണ – 500 ഗ്രാം, പാലട മിക്‌സ് – ഒരു പാക്കറ്റ്, അട – ഒരു പാക്കറ്റ്, കടലപരിപ്പ് – 500 ഗ്രാം, പായസക്കൂട്ട് – ഒരു പാക്കറ്റ്, ശർക്കര – 500 ഗ്രാം, മിൽമ നെയ്യ് – 50 ഗ്രാം, തേയിലപ്പൊടി – 250 ഗ്രാം, കായം -100 ഗ്രാം, സാമ്പാർ പൗഡർ – ഒരു പാക്കറ്റ്, എക്‌സോ ഡിഷ് വാഷ്ബാർ – ഒന്ന് എന്നിവയാണ് ഓണക്കിറ്റിലുള്ളത്.
കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് ജി ഉല്ലാസ് കുമാർ, സെക്രട്ടറി ആർ സന്തോഷ്‌കുമാർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.