ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഓരോ ദിവസവും മലയാള സിനിമ വിവിധ മേഖലകളിൽ അപമാനിക്കപ്പെടുകയാണ് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം മുതിർന്ന തെന്നിന്ത്യൻ നടി രാധിക ശരത്കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഉത്തരേന്ത്യൻ മാധ്യമങ്ങൾ അടക്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിയ്ക്കുകയാണ്. കാരവാനിനുള്ളിൽ ഒളിക്യാമറ വച്ച് ചിത്രീകരിച്ച നടിമാരുടെ ദൃശ്യങ്ങൾ സെറ്റിലുള്ള പുരുഷൻമാർ ഒരുമിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്നത് താൻ കണ്ടുവെന്നും അതിനെതിരെ താൻ രൂക്ഷമായി അവിടെ വച്ച് പ്രതികരിച്ചതുമായാണ് രാധിക വെളിപ്പെടുത്തിയത്. അതൊരു മലയാള സിനിമാ സെറ്റായിരുന്നു വെന്നും രാധിക പറയുന്നുണ്ട്.
ഈ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ രാധികയുടെ മൊഴിയെടുക്കാനുള്ള ശ്രമങ്ങൾ പൊലിസ് തുടങ്ങിയതായാണ് വിവരം. മൊഴിക്കു പിന്നാലെ കേസെടുക്കാനുമാണ് പൊലിസ് ഉദ്ദേശിക്കുന്നത്. ഈ ആരോപണത്തിനു പിന്നാലെ കാരവാൻ ഉടമകളുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ കയ്യെടുത്ത് വിളിച്ചു. സെറ്റിലെ സുരക്ഷയെ സംബന്ധിച്ച രാധികയുടെ പുതിയ വെളിപ്പെടുത്തൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയാക്കി.
ഇതിനിടെയാണ് മലയാളത്തിൻ്റെ മുതിർന്ന സംവിധായകൻ ഹരിഹരനെതിരെ വെളിപ്പെടുത്തലുമായി നടി ചാർമിള രംഗത്തു വന്നത്. തൻ്റെ സുഹൃത്തു കൂടിയായ നടൻ വിഷ്ണുവിനോട് ചാർമിള അഡ്ജസ്റ്റുമെൻ്റിന് തയ്യാറാകുമോ എന്നു ഹരിഹരൻ ചോദിച്ചു എന്നാണ് ചാർമിള ആരോപിക്കുന്നത്. തന്നോട് നേരിട്ട് അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും ചാർമിള പറയുന്നു. തയ്യാറല്ല എന്നു മറുപടി പറഞ്ഞതോടെ ഹരിഹരൻ്റെ ‘പരിണയം’ എന്ന ചിത്രത്തിൽ നിന്ന് തങ്ങളെ രണ്ടു പേരെയും ഒഴിവാക്കിയതായും ചാർമിള ആരോപിയ്ക്കുന്നു.
‘അർജുനൻ പിള്ളയും അഞ്ചു മക്കളും ‘ എന്ന ചിത്രത്തിൻ്റെ നിർമാതാവും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ആരോപിക്കുന്നുണ്ട്. ഓടിയാണ് അവിടന്ന് രക്ഷപ്പെട്ടതെന്നും ചാർമിള പറയുന്നു. തന്നോട് സംവിധായകരും നിർമാതാക്കളും നടൻമാരുമടക്കം 28 പേർ മോശമായി പെരുമാറിയിട്ടുണ്ടന്നും ചാർമിള ആരോപിച്ചു.
രാധിക ശരത്കുമാർ, ചാർമിള എന്നിവരുടെ ആരോപണങ്ങൾ ഇനി തെളിയിക്കപ്പെടേണ്ടതുണ്ട്. അക്ഷരാർത്ഥത്തിൽ, മലയാള സിനിമ വീണു പോയ പടു കുഴിയിൽ നിന്ന് കരകയറാൻ സമയമെടുക്കും എന്ന് ഉറപ്പാണ്. ഇതിനിടെ ഹേമ കമ്മിറ്റി മാതൃകയിൽ തമിഴ്നാട്ടിലും അന്വേഷണം ആവശ്യമെന്ന നടൻ വിശാലിൻ്റെ പരാമർശത്തിനെതിരെ ഒരു നടി രംഗത്തു വന്നു. ‘ ആദ്യം താൻ നന്നാവൂ പിന്നെ വലിയ വായിൽ വർത്തമാനം പറയൂ ‘ എന്ന രീതിയിലുള്ള ആക്ഷേപമാണ് അവർ ഉന്നയിച്ചത്. വരും നാളുകളിൽ തമിഴ് സിനിമാലോകത്തെ കൂടി ഉലയ്ക്കാൻ പോന്ന കാട്ടുതീയുടെ ചെറിയ കനലാണോ ഇതെന്നേ ഇനി അറിയാനുള്ളു.