നയ രൂപീകരണ സമിതിയിൽ മുകേഷ് ഇല്ല

At Malayalam
1 Min Read

സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷ് ഒഴിയും. സി പി ഐ (എം) തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. അതേസമയം എം എല്‍ എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്.

സിനിമാനയവും കോണ്‍ക്ലേവുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ഏറ്റവും പ്രധാന നടപടികളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതെന്നിരിക്കെ മുകേഷിന്റെ സാന്നിധ്യം ഇടത് സാംസ്‌കാരിക നേതാക്കളും ചോദ്യം ചെയ്തിരുന്നു.

അതേസമയം എം എല്‍ എ സ്ഥാനത്ത് നിന്നും മുകേഷ് രാജി വെക്കണമെന്ന പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. മഹിളാ കോണ്‍ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നീ എം എല്‍ എമാര്‍ ഇതിലും വലിയ ആരോപണവിധേയരായ ഘട്ടത്തില്‍ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം ഇടതുമുന്നണി ഉയർത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം മറുപടി നൽകുന്നത്. അതെന്ത് നടപടിയെന്ന് ഇനിയെങ്കിലും നാട്ടുകാരെ കോൺഗ്രസ് അറിയിക്കണമെന്ന് ഇടതു മുന്നണി നേതാക്കൾ അതിനു മറുപടി പറയുന്നു.

- Advertisement -

പാര്‍ട്ടിക്കു മുന്നില്‍ എം എല്‍ എയ്ക്ക് എതിരെ പരാതി വന്നിട്ടില്ലെന്നായിരുന്നു സി പി ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രതികരിച്ചത്. ഏത് ആക്ഷേപം ആര്‍ക്കെതിരെ വന്നാലും അന്വേഷണം നടക്കും. പരാതികള്‍ അന്വേഷിക്കുന്നുണ്ട്. പുറത്തുവരട്ടെ. ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ടുവരും. അത് കേരളത്തിലെ സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a comment