സിദ്ദിഖിനെതിരെ കേസെടുത്തു, യുവനടനെതിരെയുള്ള പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് മറ്റൊരു പരാതിക്കാരി

At Malayalam
1 Min Read

നടൻ സിദ്ദിഖിനെതിരെയുള്ള നടിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോള്‍ ഡി ജി പി പ്രത്യേകം ഉത്തരവുകളിറക്കും. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.

നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് നടിയുടെ മൊഴി. ഇന്നലെ ഡി ജി പിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ് ഐ ആശചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കും.

പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിൻെറ പരാതിയും അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. രഹസ്യ മൊഴിക്കായി വൈകാതെ മജിസ്ട്രേറ്റിന് മുന്നിൽ അപേക്ഷ നൽകും. ലൊക്കേഷനിൽ വെച്ച് യുവ നടൻ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. പരാതിയിൽ നിന്നും പിൻമാറാൻ വിദേശത്തുനിന്നടക്കം ഭീഷണയുണ്ടെന്ന് നടി പറയുന്നു.

- Advertisement -
Share This Article
Leave a comment