മലയാള സിനിമാ പ്രവർത്തകരെ പറ്റി ഏറെ നാളുകളായി അത്ര നല്ല കാര്യങ്ങളല്ല പറഞ്ഞു കേൾക്കുന്നത്. ഇപ്പോഴത് സമ്പൂർണമായി. എന്തായാലും നാളിതുവരെ മലയാള സിനിമയും സിനിമാക്കാരും നേരിടാത്ത കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത് എന്നതിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.
വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ശനി ദശ ഇപ്പോഴിതാ കണ്‌ഠക ശനിയായി തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു യുവനടൻ മയക്കു മരുന്ന് കേസിൽ പ്രതിയായി കേസും കൂട്ടവുമായി ഏറെക്കാലം അലഞ്ഞത് കണ്ടവരാണ് നമ്മൾ. പോരാത്തതിന് മയക്കു മരുന്നിൻ്റെ കറുത്ത മറ സിനിമാസെറ്റുകളിൽ പറന്നു കറങ്ങി നടക്കുന്നു എന്ന് പലരും ഇപ്പോഴും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ വിഴുപ്പലക്കലിൽ ചവിട്ടി വീണ് രണ്ടു പ്രമുഖർ ഇതിനോടകം ഉണ്ടായിരുന്ന പദവികൾ ഒഴിഞ്ഞു. മലയാള സിനിമാ അന്തരീക്ഷം ദുർഗന്ധ പൂരിതമായിരിയുന്നു.
അറിയപ്പെടുന്നവരും അല്ലാത്തവരുമായ പലരും വന്ന് പലർക്കുമെതിരെ ഒരു മറയുമില്ലാതെ പറഞ്ഞിട്ടു പോകുന്നു. കേട്ടാൽ അറപ്പു തോന്നുന്ന ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു. അവതാരകർ അവരുടെ മത്സരത്തിൻ്റെ ഭാഗമായി കൂടുതൽ ‘വ്യക്തത ‘ എന്ന മറപിടിച്ച് ഒരേ ചോദ്യം തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അതിൻ്റെ ദുർഗന്ധത്താൽ പണ്ടേ അറപ്പുളവാക്കുന്ന വാർത്താ ചാനലുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. അവരിൽ പലരും അഭിനേതാക്കളാണന്നു അറിയുന്നതു പോലും ഇപ്പോഴാണ് (ആദ്യമായി കേൾക്കുന്ന പേരുകൾ പോലും കൂട്ടത്തിൽ ഉണ്ട്). പക്ഷേ അവർ ഉന്നയിക്കുന്ന വിഷയം ഗൗരവമുള്ളതല്ലേ? അതും കേൾക്കണ്ടേ? അതിനിടയിൽ അയ്യേ മോഹൻലാൽ ഇത്തരക്കാരനായിരുന്നോ, മമ്മൂട്ടി ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന തംബ്നെയിലിൽ ചില സാമൂഹ്യ മാധ്യമപ്രവർത്തകർ ചമയുന്നവരും ചെളി നന്നായി ചവിട്ടി കുഴയ്ക്കുന്നുണ്ട്. ( ആ പേരുകൾക്ക് കച്ചവടം മൂല്യം ഇപ്പോഴും കുറച്ച് കൂടുതലാണല്ലോ !)
ഇനി സിനിമാക്കാരായ ചിലർ, ( അതു കൂടി പറയാതിരിക്കാൻ നിർവാഹമില്ല) ഇപ്പോഴും സിനിമ കൊണ്ടു തന്നെ ജീവിക്കുന്നവർ കൂടി കൂട്ടത്തിലിറങ്ങി വാഴവെട്ടുന്നുണ്ട്. അതുല്യ പ്രതിഭയായ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഒരു നടൻ്റെ, സിനിമാക്കാരനായ മകൻ മൊത്തം സിനിമാക്കാരും കുഴപ്പക്കാരാണന്ന് നടന്ന് പറയുന്നുണ്ട്. ഇപ്പോഴും സിനിമ തന്നെയാണ് ടിയാനും ശരണം. അച്ഛൻ ആനപ്പുറത്തു കയറിയ തഴമ്പ് തൻ്റെ എങ്ങാണ്ടെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന ഇയാളെ ഒരു തവണയിൽ കൂടുതൽ ആരും സിനിമയ്ക്കായി വിളിക്കില്ല. വിളിച്ചു പോയവനെ വെറുപ്പിച്ച് നശിപ്പിക്കും ഈ മാന്യൻ (വിത്തു ഗുണം പത്തു ഗുണം എന്നാണല്ലോ പ്രമാണം)
ഏതായാലും ഒരു കാര്യം നിങ്ങളൊക്കെ ഓർത്താൽ നന്ന്. ഇപ്പൊ തന്നെ തിയറ്ററുകൾ ഒഴിഞ്ഞിട്ടുണ്ട്. സിനിമ കാണാൻ പോകുന്നത് മാനക്കേടായി ആളുകൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. കുറച്ചു പേർ മാന്യമായി ജോലി ചെയ്ത് കഞ്ഞി കുടിച്ചു പൊയ്ക്കൊണ്ടിരുന്ന ഒരു മേഖലയായിരുന്നു ഇത്. അതിൻ്റെ കടക്കലാണ് നിങ്ങൾ ആഞ്ഞു വെട്ടിയത്. ഇരുന്ന കൊമ്പുകൾ അടക്കം മുറിച്ചിട്ടത്. ഉപ്പു തിന്നവർ വെള്ളം കുടിയ്ക്കട്ടെ; അത് എത്ര വലിയ മഹാനായാലും. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അത് ഉന്നയിച്ചവരേയും വെറുതേ വിടരുത്. ഈ വലിയ മേഖലയുടെ അടിത്തറ ഇളക്കിയവരും അതിനു കൂട്ടു നിന്നവരും ഒക്കെ നിയമത്തിനു മുന്നിൽ വരട്ടെ.