ഓണാഘോഷത്തിൻ്റെ ഭാഗമായി ഇത്തവണയും തൃശൂരിൽ പുലികളിറങ്ങും. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണാഘോഷ പരിപാടികൾ സർക്കാർ ഒഴിവാക്കിയിരുന്നു. തൃശൂരിലെ പുലികളി കലാകാരൻമാർ ഇതിൽ ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു.
പ്രതിഷേധത്തെ തുടർന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് സംസ്ഥാന സർക്കാരിന് കത്തെഴുതുകയായിരുന്നു. ഒരുക്കങ്ങളും ചമയങ്ങളുമെല്ലാം പൂർത്തിയായതിനാൽ പരിപാടി നടത്താതെ പോയാൽ ബന്ധപ്പെട്ടവർക്ക് വലിയ നഷ്ടമുണ്ടാകുമെന്നും അതിനാൽ പുലികളി നടത്താനുള്ള അനുമതി നൽകണമെന്നുമായിരുന്നു കത്തിലെ ആവശ്യം. തുടർന്നാണ് സർക്കാർ അനുമതി നൽകിയത്.
കഴിഞ്ഞ വർഷം ചെലവഴിച്ച അതേ തുകയിൽ ഈ വർഷവും പരിപാടി അവതരിപ്പിയ്ക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സാധാരണ നടത്തിയിരുന്ന ഓണാഘോഷ പരിപാടികളും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.