ശബരിമലയിൽ കെട്ടിക്കിടക്കുന്ന ആറര ലക്ഷം ടിൻ അരവണ വളമായി മാറും. ഏറ്റുമാനൂരിൽ പ്രവർത്തിയ്ക്കുന്ന ഒരു കമ്പനി ഒന്നേകാൽ കോടി രൂപയ്ക്കാണ് ഇതിൻ്റെ കരാർ എടുത്തത്. അടുത്ത മാസത്തോടെ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സന്നിധാനത്ത് സൂക്ഷിച്ചിരിയ്ക്കുന്ന 6 ലക്ഷത്തി 65 ആയിരത്തി 127 ടിൻ കേടായ അരവണ പൂർണമായും മാറ്റുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനി സാന്നിധ്യമുണ്ടെന്നും വിൽപ്പന തടയണമെന്നും ആവശ്യപ്പെട്ട് 2023 ലാണ് ഒരാൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതോടെ കോടതി അരവണ വിൽപ്പന നിർത്തിവയ്ക്കാൻ ദേവസ്വം ബോർഡിനു നിർദേശം നൽകുകയായിരുന്നു. പിന്നാലെ നടന്ന വാദത്തിലാകട്ടെ ഏലക്കായിൽ കീടനാശിനിയുണ്ടെന്ന് തെളിയിയ്ക്കാൻ ഹർജിക്കാരന് സാധിച്ചുമില്ല. പക്ഷേ, അപ്പോഴേക്കും സ്‌റ്റോക് ഉണ്ടായിരുന്ന ആരര ലക്ഷത്തോളം അരവണ മുഴുവൻ നശിച്ചിരുന്നു. ഇത്തരത്തിൽ ആർക്കോ വേണ്ടി ഒരാൾ കോടതിയിൽ പരാതി നൽകിയതിൽ കോടികൾ നഷ്ടമായത് ദേവസ്വം ബോർഡിനാണ്.
ഇതിനിടയിൽ, കേടായ അരവണ നശിപ്പിക്കുന്നത് സംബന്ധിച്ചും വിവാദവും കോടതി വ്യവഹാരവുമുണ്ടായി. പരിസ്ഥിതിക്ക് കോട്ടമുണ്ടാകരുതെന്നും അരവണ നശിപ്പിക്കുന്നത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നും കോടതി നിർദേശം നൽകി. പക്ഷേ പല കാരണങ്ങളാൽ നടപടികൾ നീണ്ടു പോയി. എന്നാൽ സെപ്റ്റംബറോടെ പൂർണമായും സന്നിധാനത്തു നിന്നും അരവണ കൊണ്ടു പോകുമെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.