ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ

At Malayalam
2 Min Read

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ ഒരു പവർ ​ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ’ – റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. നടൻമാർ വാതിലിൽ മുട്ടുന്നതായും നടിമാരെ കിടക്ക പങ്കിടാൻ നിർബന്ധിതരാക്കുന്നതായും റിപ്പോ‍ർട്ടിൽ പറയുന്നു.

‘സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു സി സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നു.’ – റിപ്പോർട്ട്

മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ‘ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

- Advertisement -

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ നടിമാര്‍ ഭയപ്പെടുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. പരാതിപ്പെടാന്‍ ഒരുങ്ങുന്നവര്‍ക്കു നേരെ ബലാത്സംഗ ഭീഷണി പോലും ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

കേരളത്തെ ഞെട്ടിച്ച ‘നടി ആക്രമിക്കപ്പെട്ട’ സംഭവം പോലും സിനിമാ മേഖലയിലെ ഒറ്റപ്പെട്ട സംഭവം അല്ലെന്നും പുറത്തുവന്ന സംഭവം മാത്രമാണെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. മുമ്പും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

സിനിമ മേഖലയില്‍ നടിമാരെ ‘വിട്ടുവീഴ്ചയ്ക്ക്’ നിര്‍ബന്ധിക്കുന്നുവെന്നും സഹകരിക്കാന്‍ തയാറാകുന്ന നടിമാരെ കോഡ് പേരിട്ട് വിശേഷിപ്പിക്കുമെന്നും വഴങ്ങാത്തവരെ ഫീല്‍ഡില്‍ നിന്നു തന്നെ ഔട്ടാക്കാന്‍ കൂട്ടായ ശ്രമം നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Share This Article
Leave a comment