സിനിമാ സംവിധായകൻ വത്സൻ കണ്ണേത്ത് നിര്യാതനായി. അദ്ദേഹത്തിന് 73 വയസായിരുന്നു പ്രായം. എറണാകുളം പുത്തൻ കുരിശ് സ്വദേശിയാണ് .
1985 ൽ പുറത്തിറങ്ങിയ എൻ്റെ നന്ദിനിക്കുട്ടിയ്ക്ക് എന്ന ചിത്രമാണ് വത്സനെ പ്രശ്സ്ഥനാക്കിയത്. എസ് എൽ പുരം സദാനന്ദനായിരുന്നു ചിത്രത്തിൻ്റെ രചയിതാവ്. പ്രേംനസീറും വേണു നാഗവള്ളിയും ജലജയുമായിരുന്നു പ്രധാന വേഷത്തിൽ അഭിനയിച്ചത്.
ഈ ചിത്രത്തിനു വേണ്ടി ഒ എൻ വി കുറുപ്പ് രചിച്ച് രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട് യേശുദാസ് പാടിയ ‘പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ് ‘ എന്ന സൂപ്പർ ഹിറ്റ് ഗാനം ഇന്നും മലയാളികളുടെ പ്രിയ ഗാനമാണ്.
പ്രശസ്ത സംവിധായകനും നിർമാതാവുമായ പി സുബ്രഹ്മണ്യത്തിൻ്റെ കീഴിലാണ് സിനിമയിൽ എത്തുന്നത്. അന്നത്തെ പ്രമുഖ സംവിധായകരായിരുന്ന എം കൃഷ്ണൻ നായർ, ശശികുമാർ, പി എൻ സുന്ദരം, തോപ്പിൽ ഭാസി തുടങ്ങിയവർക്കൊപ്പം അമ്പതോളം സിനിമകളിൽ മുഖ്യ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.