കെഎം ബഷീറിന്‍റെ മരണം; കുറ്റം നിഷേധിച്ച് ശ്രീരാം വെങ്കിട്ടരാമൻ

At Malayalam
1 Min Read

മാധ്യമ പ്രവർത്തകനായ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത്. കുറ്റകരമായ നരഹത്യ (304) ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് ശ്രീരാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം. മോട്ടോര്‍ വാഹന നിയമം (184), ഐ പി സി 279,201, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന സ്ത്രീയ്ക്കെതിരായ കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കൊല്ലപ്പെട്ടത്.

Share This Article
Leave a comment