കോഴിക്കോട് ജില്ലയിലെ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖാ മാനേജരായിരുന്ന ജയകുമാർ 17.5 കോടി രൂപയുടെ സ്വർണവുമായി ഒളിവിൽ പോയതായി പരാതി. ഇയാൾ തമിഴ്നാട് മേട്ടുപാളയം സ്വദേശിയാണ്. യഥാർത്ഥ സ്വർണത്തിനു പകരം മുക്കുപണ്ടം പണയം വച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്. വടകര പൊലിസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഏകദേശം 27 കിലോ സ്വർണമാണ് ഇയാൾ കൈക്കലാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ജയ കുമാറിനെ എറണാകുളത്തെ പാലാരിവട്ടം ശാഖയിലേക്ക് മാറ്റി നിയമിച്ചിരുന്നെങ്കിലും ഇയാൾ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. തുടർന്നുണ്ടായ സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വ്യാജ സ്വർണം കണ്ടെത്തിയതും. ജൂൺ മാസം മുതൽ ജൂലൈ മാസം വരെ ഏകദേശം ഒരു മാസത്തിനുള്ളിലാണ് ഇയാൾ ഇത്രയും വലിയ തട്ടിപ്പു നടത്തിയത്.
42 ഇടപാടുകാരിൽ നിന്നാണ് സ്വർണം മാറ്റിയെടുത്തത്. സംഭവത്തിനു ശേഷം ജയകുമാറിനെ ഫോണിലും ലഭ്യമല്ലാതെയായി. വിവരമറിഞ്ഞ നിരവധി ഇടപാടുകാർ ബാങ്കിലെത്തി. ആർക്കും പണമോ സ്വർണമോ നഷ്ടമാകില്ലെന്നും എല്ലാം ഉത്തരവാദിത്തത്തോടെ തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ പറയുന്നു.