ഓർമയിലെ ഇന്ന്

At Malayalam
2 Min Read

ഓഗസ്റ്റ്- 15

കലാമണ്ഡലം കൃഷ്ണൻ നായർ

കഥകളിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച, 20-ാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പ്രതിഭാധനനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായര്‍.

1914 മാർച്ച് 11 ന് കണ്ണൂർ ജില്ലയിലെ ചെറുതാഴത്ത് ജനിച്ചു. വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളി യോഗത്തിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടർപഠനങ്ങൾ സാധിച്ചത്. കഥാപാത്രങ്ങളുമായി താദാത്മ്യം പ്രകടിപ്പിക്കാനുള്ള കഴിവ്, ഭാവ രസങ്ങളുടെ ദീപ്തമായ അവതരണം എന്നിവ കൃഷ്ണന്‍ നായരെ മറ്റു കഥകളി നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കി, കേമനാക്കി. പച്ച, മിനുക്ക് വേഷങ്ങളിലായിരുന്നു കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം.

- Advertisement -

കഥകളി പ്രേക്ഷകരും കൃഷ്ണന്‍ നായരും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. കൃഷ്ണന്‍ നായരുണ്ടെന്ന് കേട്ടാല്‍ എല്ലാം മാറ്റി വച്ച് പാഞ്ഞെത്തുന്ന ഒട്ടേറെ ആരാധകര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആടുന്നത് ജനങ്ങളെ മനസ്സിലാക്കിക്കാനുള്ള കൃഷ്ണന്‍ നായരുടെ കഴിവാണ് അദ്ദേഹത്തെ ജനപ്രിയ കഥകളി നടനാക്കിയത്. നളചരിതത്തിലെ നളന്‍, ബാഹുകന്‍, നിവാത കവച കാലകേയ വധത്തിലെ അര്‍ജുനന്‍, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദന്‍, പൂതനാമോക്ഷത്തിലെയും കിർമ്മീര വധത്തിലെയും ലളിതമാര്‍, കർണ്ണശപഥത്തിലെ കുന്തി തുടങ്ങി കൃഷ്ണന്‍ നായര്‍ അഭിനയ മികവിലേറ്റിയ ഒട്ടേറെ വേഷങ്ങളുണ്ട് എടുത്തു പറയാന്‍.

ദുര്യോധന വധത്തിലെ രൗദ്രഭീമന്‍, ബാലി വിജയത്തിലെ രാവണന്‍ എന്നിവയും കൃഷ്ണന്‍ നായര്‍ക്ക് പ്രിയതരമായ വേഷങ്ങളായിരുന്നു.

മോഹിനിയാട്ടത്തിന്‍റെ അമ്മയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. കലാമണ്ഡലത്തിലെ കഥകളി – മോഹിനിയാട്ടം വിദ്യാര്‍ത്ഥികളായ ഇരുവരും പ്രണയബദ്ധരായി വിവാഹിതരാവുകയായിരുന്നു. പിന്നീട് ഇരുവരും അവരവരുടെ കലാമണ്ഡലങ്ങളില്‍ ഏറ്റവും മികവുറ്റരാവുകയും ചെയ്തു.

മണിമാധവ ചാക്യാരുടെ കീഴിലുള്ള കണ്ണ് സാധകവും ഗുരു കുഞ്ചുക്കുറുപ്പിന്‍റെ കീഴിലുള്ള മുഖാഭിനയ പഠനവും, ഭാവ – രസ – മുഖ – രാഗ പരിചയവുമാണ് കൃഷ്ണന്‍ നായരെ മികച്ച കഥകളി നടനാക്കിയത്. ആംഗികാഭിനയത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ ചിട്ടയില്‍, സാത്വികാഭിനയത്തിന് ഊന്നല്‍ നല്‍കുന്ന തെക്കന്‍ ചിട്ട വിദഗ്ധമായി ഉപയോഗിക്കാന്‍ കൃഷ്ണന്‍ നായര്‍ക്ക് കഴിഞ്ഞു. വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ വാരണക്കോട് കൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി അവിടെ പഠിക്കാനെത്തി. വടക്കന്‍ ചിട്ടയിലുള്ള പരിശീലനം സിദ്ധിച്ച ശേഷമാണ് പ്രശസ്തനായ ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെയും ശിഷ്യനാവാന്‍ വടക്കു നിന്ന് കൃഷ്ണന്‍ എത്തുന്നത്. ഈ കുട്ടി കലാമണ്ഡലത്തിന്‍റെ അഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കേരളത്തിന് കിട്ടിയത് ഒരു മഹാനടനെയായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരെ.

1990 ഓഗസ്റ്റ് 15 ന് അന്തരിച്ചു. അന്തരിച്ച പ്രമുഖ ചലച്ചിത്ര – നാടക നടൻ കലാശാല ബാബു അദ്ദേഹത്തിന്റെ പുത്രനാണ്.

പുരസ്‌കാരങ്ങൾ : പദ്മശ്രീ – 1970, കേരള സംഗീത നാടക അക്കാദമി അവാർഡ് & ഫെല്ലോഷിപ്പ്
കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് & ഫെല്ലൊഷിപ്പ് – 1968, കൊച്ചിരാജാവിന്റെ വീരശൃംഖല, മൈസൂർ രാജാവിന്റെ സ്വർണ്ണമെഡൽ, നാട്യരത്നം ബഹുമതി – പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു.

Share This Article
Leave a comment