കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്ത് അധികൃതരെ കയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കണം. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പ്രവർത്തിച്ചിരുന്ന ഒരു കന്നുകാലി – കോഴി ഫാമിന് പൂട്ടിട്ടു എന്നു മാത്രമല്ല, അവിടെ ഉണ്ടായിരുന്ന കന്നുകാലികളെയും കോഴികളേയും കണ്ടു കെട്ടി പരസ്യമായി ലേലം ചെയ്ത് പണം പഞ്ചായത്തിലേയ്ക്ക് വസൂലാക്കുകയും ചെയ്തു പഞ്ചായത്ത് അധികൃതർ. കൂടാതെ ഫാം ഉടമ നിയമാനുസൃതമായ പിഴയും അടയ്ക്കണം.
പെരുവയൽ പഞ്ചായത്തിലെ പേരിയ ഫാമിനാണ് പൂട്ടു വീണത്. ഫാമിലെ മാലിന്യം പുറത്തേയ്ക്ക് നിർബാധം ഒഴുക്കി വിടുക, ഫാം നടത്തുന്നതിനുള്ള നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിയ്ക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് പഞ്ചായത്ത് ഫാം നടത്തിപ്പുകാർക്ക് നോട്ടിസ് നൽകിയിരുന്നു. പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്നാണ് രണ്ടു മാസം മുമ്പ് ഫാം ഉടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകിയത്. കന്നുകാലികളെ ഫാമിൽ നിന്ന് അടിയന്തരമായി മാറ്റാനും നിർദേശം നൽകിയിരുന്നു.
മുന്നറിയിപ്പിൻ്റെ കാലാവധി കഴിഞ്ഞിട്ടും ഫാം നടത്തിപ്പുകാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, മാലിന്യം അശാസ്ത്രീയമായി തന്നെ കൈകാര്യം ചെയ്യുകയുമുണ്ടായി. തുടർന്ന് പഞ്ചായത്ത് അധികൃതർ പൊലിസിൻ്റെ സഹായത്തോടെ ഫാമിലെ കന്നുകാലികളെയും കോഴികളേയും പരസ്യമായി ലേലം ചെയ്യുകയായിരുന്നു.. ആറു പശുക്കൾ, നാലു കിടാരികൾ, ആറു പോത്തുകൾ എന്നിവയെ പരസ്യമായി ലേലം ചെയ്ത് വിൽക്കുകയും ഉടമയോട് നിയമാനുസൃതമായ പിഴ ഒടുക്കാൻ നിർദേശിയ്ക്കുകയും ചെയ്തു.
ഏതു നിയമ ലംഘനങ്ങൾക്കും രാഷ്ട്രീയ സംരക്ഷണം ലഭിയ്ക്കുന്ന നമ്മുടെ നാട്ടിൽ അതൊക്കെ മാറ്റി വച്ച് നീതി നടപ്പാക്കിയ പെരുവയൽ പഞ്ചായത്തിന് കയ്യടിയ്ക്കുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ.